നെടുങ്കണ്ടം: റജിസ്ട്രേഷന് നമ്പരും പാസുമില്ലാതെ മെറ്റല്‍ കടത്തിയതിന്പിടികൂടിയ ലോറികള്‍ കസ്റ്റഡിയിലിരിക്കെ റജിസ്ട്രേഷന് നമ്പര്‍ സ്ഥാപിച്ചു. തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്ത ലോറികള്‍ ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുമ്പോഴാണ് അനുമതിയില്ലാതെ റജിസ്റ്റര്‍ നമ്പര്‍ സ്ഥാപിച്ചത്, സംഭവത്തില്‍ റവന്യൂ വിഭാഗം നടപടിക്ക്.
വിഷയത്തില്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ദേവികുളം സബ് കളക്ടര്‍ക്കു പരാതി നല്കി. ലോറികളുടെ വിശദ വിവരം അന്വേഷിച്ച് റിപോര്‍ട്ട് നല്കാന് ദേവികുളം സബ് കളക്ടര്‍ ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒക്ക് നിര്‍ദേശം നല്‍കിയിരുന്നു.
5നാണ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ മെറ്റലുമായെത്തിയ 5 പുതിയ ടോറസ് ലോറികള്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പിടികൂടിയത്.കോതമംഗലത്ത് നിന്നും നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് മെറ്റലുമായി എത്തിയ ലോറികളാണ് നെടുങ്കണ്ടം ടൗണില്‍ നിന്നും പിടിച്ചെടുത്തത്. വാഹനം പിടിച്ചെടുത്തപ്പോള്‍ 5 ടോറസ് ലോറികളിലും റജിസ്റ്റര്‍ നമ്പര്‍ സ്ഥാപിച്ചിരുന്നില്ല. പാസുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ വാഹനത്തില്‍ പുതിയ റജിസ്ട്രര്‍ നമ്പര്‍ സ്ഥാപിച്ചതായി കണ്ടെത്തുകയായിരുന്നു.
അനുമതി തേടാതെ നമ്പര്‍ ഘടിപ്പിച്ചതിനെതിരെ നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. വാഹനം പിടിച്ചെടുത്ത ദിവസമാണ് ഉടമസ്ഥര്‍ പെര്‍മിറ്റിന് മോട്ടര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കിയത്. വിവാദ വ്യാവസായി റോയി കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറികള്‍. സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു. അതേ സമയം അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ എം.കെ. ജയേഷ് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: