മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരു ടീമുകളുടേയും ഗോളുകള്‍. ലിവര്‍പൂളിനായി പതിമൂന്നാം മിനിറ്റില്‍ മുഹമ്മദ് സലാ പെനാല്‍റ്റിയിലൂടെ ലീഡ് നേടി. 31-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് സിറ്റിയെ ഒപ്പമെത്തിച്ചു.
ആദ്യ പകുതി അവസാനിക്കും മുമ്പ് സിറ്റിക്ക് ലഭിച്ച പെനാല്‍റ്റി ഡി ബ്രുയിന് പാഴാക്കിയതോടെയാണ് നിര്‍ണായക വിജയം നഷ്ടപ്പെട്ടത്. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റങ്ങളുണ്ടാക്കാന്‍ മടിച്ച ഇരു ടീമുകളും സമനില വഴങ്ങുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തായി. ഏഴ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുകളുള്ള സിറ്റി പതിനൊന്നാമതാണ്.
മറ്റൊരു മത്സരത്തില്‍ ആര്‍സണലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ല തകര്‍ത്തു. ഒലി വാറ്റ്കിന്‍സിന്റെ ഇരട്ട ഗോളാണ് മികച്ച വിജയം സമ്മാനിച്ചത്. മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്സിനെയും ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: