കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എം.എല്‍.എ.യുടെ അറസ്റ്റ് ബിജെപി നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ നേടിയ വിജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. മുസ്ലിം ലീഗിനും സിപിഎമ്മിനെതിരെ ഉയര്‍ന്ന ജനവികാരം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയന്ന് നിവൃത്തിയില്ലാതെ നടത്തിയ വൈകിയ നടപടി മാത്രമാണെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
മുസ്ലിം ലീഗും സിപിഎമ്മും കമറുദ്ദീന്‍ എംഎല്‍എയെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിന്ന് പിണറായി സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും മുഖം മിനുക്കാന്‍ ഉള്ള നടപടി ആയതുകൊണ്ടാണ് സ്വത്തുക്കള്‍ കണ്ടുകട്ടാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് അദേഹം ആരോപിച്ചു. കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും, നിരവധി പേര്‍ പരാതി നല്‍കിയിട്ടും കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മാസങ്ങളോളം ബിജെപി നടത്തിയ ശക്തമായ ജനകീയ പ്രക്ഷോഭം കാരണം സര്‍ക്കാരും പോലീസും കമറുദ്ദീനെ അറസ്റ്റു ചെയ്യാന്‍ നിര്‍ബന്ധിതരായത്.
അറസ്റ്റിലായ എം.എല്‍.എ. യുടെ പേരില്‍ വഞ്ചനാകുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കമ്പനി നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപ സമാഹരണം പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധം തിരിച്ചടിയാവുമെന്നുള്ള ഭയത്തിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുമായി ഈ അറസ്റ്റ് നാടകത്തിന് മുതിര്‍ന്നതെന്ന് സംശയിക്കേണ്ടി വരും.
ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഫാഷന്‍ ജ്വല്ലറി ഉടമകളുടെ സ്വത്ത് കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാഷ്‌ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ നിരവധി പാവപ്പെട്ട വനിതകളടക്കമുള്ളവരുടെ പണം തട്ടിയ കമറുദ്ദീനോട് നിയമസഭാഗംത്വം രാജിവക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും ശ്രീകാന്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: