കൊല്ലം: ഭക്ഷണവും ചികിത്സയും കിട്ടിയില്ലെന്ന് പരാതി. വൃദ്ധനായ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. തിരുമുല്ലവാരം വിഷ്ണത്തുകാവ് നഗര്‍ 130 കാവേരിയില്‍ നടരാജന് (70) ആണ് മരിച്ചത്.
ചികിത്സയും ഭക്ഷണവും ലഭിച്ചില്ലെന്ന കാരണത്താല്‍ മേവറത്തെ മെഡിസിറ്റി ആശുപത്രി കെട്ടിടത്തില്‍ നിന്നാണ് ചാടി മരിച്ചത്. കഴിഞ്ഞമാസം 31നാണ് മെഡിസിറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പ്രമേഹരോഗിയാണ് കൂടെ ബന്ധുകള്‍ നില്‍ക്കുന്നതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഒരു ദിവസം 15,000 രൂപ ഈടാക്കി ഭക്ഷണം ഉള്‍പ്പെടെ കൃത്യമായി നല്‍കുമെന്ന ഉറപ്പാണ് അധികൃതര്‍ നല്‍കിയത്.
എന്നാല്‍ വാര്‍ഡിന് സമീപമുള്ള ബാത്ത് റൂമില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം അവിടെ കിടന്നു. കൂടെയുണ്ടായിരുന്ന മറ്റ് രോഗികള്‍ കൈപുറത്തു കിടക്കുന്നത് കണ്ട് ആശുപത്രി അധികൃതരെ അറിയിച്ചപ്പോഴാണ് അറിഞ്ഞത്. വീഴ്ചയില്‍ തല പൊട്ടി നാലുതുന്നല്‍ ഇടേണ്ടി വന്നു. തല പൊട്ടിയ വിവരം ബന്ധുക്കളെ അറിയിക്കാനും ആശുപത്രി തയ്യാറായില്ല. ഒരു ദിവസം കഴിഞ്ഞാണ് ബന്ധുക്കള്‍ അറിഞ്ഞത്. പ്രതിഷേധിച്ചപ്പോള്‍ ഇനിയുണ്ടാവില്ല എന്ന് പറഞ്ഞു തടിയൂരി. പ്രമേഹരോഗിയായിട്ടും ഭക്ഷണം കൃത്യമായി നല്‍കിയിരുന്നില്ല.
ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം. ഭീമമായ തുക ഈടാക്കിയിട്ട് ആവശ്യത്തിന് ജീവനക്കാര്‍ പോലും ഇല്ലായിരുന്നു എന്ന് ബന്ധുകള്‍ ആരോപിച്ചു. കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊറോണ ടെസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടക്കും. ഭാര്യ ഗിരിജ. മക്കള്‍ ഷര്‍മ്മിരാജ്, ഷൈമ, ഷൈനി. മരുമക്കള്‍: ഷാരോണ്‍ ചിന്ദു, സുരേഷ്കുമാര്‍ (ഖത്തര്‍), ലിനുരാജ് (സെയില്‍സ് ടാക്സ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: