തൊടുപുഴ: വില ഉയര്‍ന്ന് നില്‍ക്കുമ്പോഴും നഗരത്തില്‍ വില്‍ക്കുന്ന സവോളയില്‍ അധികവും കേടുള്ളതെന്ന പരാതി വ്യാപകം. വിലയില്‍ മുന്നിലുള്ള ഉള്ളിയുടെ വലിപ്പം തീരെ കുറഞ്ഞപ്പോള്‍ ഇതിനൊപ്പം മണ്ണം കല്ലും ധാരാളമായി ലഭിക്കുന്നുണ്ട്.
ഒരു കിലോ സവോള വാങ്ങിയാല്‍ ഇതില്‍ രണ്ടെണ്ണം വരെ കുറഞ്ഞത് കേട് വന്ന് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന ഉപഭോക്താക്കള്‍ പറയുന്നു. ബിരിയാണി പോലുള്ളവ ഉണ്ടാക്കുന്നവരും ഹോട്ടല്‍, തട്ടുകട ഉടമകളുമാണ് അധികമായും സവോള വാങ്ങുന്നത്.
ഉള്ളി വാങ്ങിയ ശേഷം വീട്ടിലെത്തി പാത്രത്തിലേക്ക് മാറ്റി ഉണങ്ങിയ തോട് നീക്കുമ്പോഴാണ് മണ്ണും ചെറിയ കല്ലുകളും കിട്ടുന്നതും. ഒരു കിലോയില്‍ 50-100 ഗ്രാം വരെ ഇത്തരത്തില്‍ മണ്ണും കിട്ടുന്ന സംഭവങ്ങളുമുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ വ്യാപകമായതോടെ സവോള വാങ്ങിക്കുവാന്‍ സാധാരണക്കാരായ ആളുകള്‍ മടിക്കുകയാണ്. പോളിച്ച് നോക്കി കേടാണെന്ന് കണ്ടെത്തിയാല്‍ മാറി ലഭിക്കാത്തതും തിരിച്ചടിയാണ്. തങ്ങളുടെ കുഴപ്പമല്ല കേട് വരാന്‍ കാരണമെന്നും പുതിയ സവോള ലഭിക്കാത്തിനാല്‍ നിലവില്‍ സ്റ്റോക്കുള്ളവയാണ് പലപ്പോഴും വരുന്നതെന്നും നഗരത്തിലെ വ്യാപാരികളും പറയുന്നു. ഉള്ളിയുടെ വരവ് കുറഞ്ഞതോടെ കൃത്യമായി ഉണങ്ങാന്‍ സമയം നല്‍കാതെ കയറ്റി വിടുന്നതാണ് മണ്ണ് വരാന്‍ കാരണമെന്ന് നഗരത്തിലെ ഒരു വ്യാപാരി ജന്മഭൂമിയോട് പറഞ്ഞു.
ഇന്നലത്തെ വില പ്രകാരം ഒരു കിലോ സവോളയ്ക്ക് റീട്ടെയില്‍ വില 65-70 വരെയും ഉള്ളിയ്ക്ക് 85-100 രൂപ വരെയുമാണ്. കഴിഞ്ഞ ദിവസം അല്‍പ്പം കുറഞ്ഞ സവോള വില വീണ്ടും കൂടുമെന്നും വ്യാപാരികള്‍ പറയുന്നു. കേടാകുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സവോള വിലയിടിഞ്ഞത്. മഴയെ തുടര്‍ന്ന് നിലവാരമുള്ള സവോളയും ഉള്ളിയും കിട്ടാനില്ലാത്തതാണ് പ്രതിസന്ധി കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: