തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ അട്ടിമറി സാധ്യതയും ദുരൂഹതയും ബലപ്പെടുത്തി വീണ്ടും ഫോറന്‍സിക് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അധികൃതകര്‍ ആദ്യം വാദിച്ചതു പോലെ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍നിന്നാണ് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട്.
ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതോടെ ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ശക്തമാവുകയാണ്. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ദ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബെംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കാനാണ് ആലോചിക്കുന്നത്.
നേരത്തേ, ഫയലുകള്‍ കത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ജന്മഭൂമി അടക്കം മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ച പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണ് പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ ഉടന്‍ പരിശോധന ഒന്നും കൂടാതെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞവരാണ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍. ഇതിനെതിരേ വലിയ ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ആവശ്യമുള്ള ഫയലുകള്‍ തെരഞ്ഞുപിടിച്ച് കത്തിച്ചു എന്ന ആരോപണം ശക്തമാക്കുന്നതാണ്. ചെറിയ അഗ്നിബാധയില്‍ പോലും തീപിടിക്കാന്‍ സാധ്യതയുള്ള സാനിറ്റൈസര്‍ പോലും സുരക്ഷിതമായി ഇരിക്കെയാണ് ചില ഫയലുകള്‍ തീപിടിച്ച് നശിച്ചതെന്ന് നേരത്തേ വ്യക്തമായിരുന്നു. സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുടുങ്ങുമെന്ന് ഉറപ്പായ സമയത്താണ് നിര്‍ണായകമായ പ്രോട്ടോക്കോള്‍ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ കത്തിയത്.
അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നാണ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ വിശദീകരണം നല്‍കിയിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.സെക്രട്ടേറ്റിലുണ്ടായ തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പോലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു അവ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: