കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് ദുരിതത്തിലായ മട്ടന്നൂര്‍ കാനാട് പ്രദേശത്തെ ജനങ്ങളുടെ പ്രശ്‌നത്തിന് സര്‍ക്കാര്‍ അടിയന്തിര പരിഹാരം കാണണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു തിട്ടപ്പെടുത്തുകയും മറ്റും ചെയ്‌തെങ്കിലും ഇതുവരെ ഔദ്യോഗികമായ ഏറ്റെടുക്കുകയോ ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. വിഞ്ജാപനം വന്നതോടെ ഭൂമി കൈമാറ്റം ചെയ്യാനോ വായ്‌പ ആവശ്യങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കാന്‍ കഴിയാതെ 150 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. കൂടാതെ വിമാനത്താവളത്തില്‍ നിന്നും കുത്തിയൊലിച്ചെത്തിയ വെളളവും പാറയും മണ്ണും ചെളിയും വീണ് ഏഴോളം വീട് തകര്‍ന്നു. ഇവര്‍ക്ക് പുതിയ വീടും പത്ത് സെന്റ് സ്ഥലവും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കി. എന്നാല്‍ ഇതുവരെ വീട് നല്‍കിയില്ലെന്നും മാത്രമല്ല ഇവര്‍ താല്‍ക്കാലികമായി താമസിച്ചു വന്ന വീടുകള്‍ക്ക് വാടക തുക നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല.
ജനങ്ങളോട് കാണിക്കുന്നത് ഭരണകൂട ഭീകരതയാണെന്നും പ്രതികാര ദാഹത്തോടെയാണ് സര്‍ക്കാര്‍ പ്രദേശത്തെ നാട്ടുകാരോട് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മട്ടന്നൂര്‍ മണ്ഡലം എംഎല്‍എയും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജനും മൗനംപാലിക്കുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ വിഷയത്തില്‍ ജനങ്ങളുടെ വിഷമം മനസ്സിലാക്കാതെ സര്‍ക്കാരും വിമാനത്താവള കമ്പനിയായ കിയാലും തമ്മില്‍ പരസ്പരം പഴിചാരുകയാണ്. ഒന്നുകില്‍ മാന്യമായ നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കുക അല്ലാത്തപക്ഷം മൂന്ന് വര്‍ഷക്കാലമായി ഭൂമി വിട്ടു നല്‍കിയതിന്റെ പേരില്‍ ഭൂവുടമകള്‍ അനുഭവിച്ച ദുരിതത്തിന് മാന്യമായ നഷ്ട പരിഹാരം നല്‍കി ഭൂമി ഉടമകള്‍ക്ക് തന്നെ വിട്ടു നല്‍കുകയോ വേണം. അല്ലാത്തപക്ഷം ബിജെപി പ്രശ്‌നത്തെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി മണ്ഡലം പ്രസിഡണ്ട് രാജൻ പുതുക്കുടി ജന:സെക്രമാരായ കെ നാരായണൻ രതീശൻ ഒ, ടി യം ബാലകൃഷ്ണൻ, പി കെ ചന്ദ്രൻ ,പി കെ രാജൻ ,ശരത് കൊതേരിഎന്നിവർ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: