കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടപ്പ് പ്രഖ്യാപനം വന്നിട്ടും സിപിഎമ്മിന്റെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒച്ചയും അനക്കവുമില്ല. അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ മ്ലാനത തളം കെട്ടി നില്ക്കുന്നു. പാര്‍ട്ടി ഭരണത്തില്‍ നേതാക്കളും ഭരണകൂടവും നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളും തട്ടിപ്പുകളും കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങള്‍.
അഴിമതിയും തീവെട്ടി കൊളളയും നടത്തുക മാത്രമല്ല അത്തരം ഉന്നത നേതാക്കളെ ന്യായീകരിച്ചും സംരക്ഷിച്ചും മുന്നോട്ടു പോവുന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നടപടിയില്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ പരമ്പരാഗത പാര്‍ട്ടി കുടുംബങ്ങള്‍ കടുത്ത നിരാശയിലാണ്. മാത്രമല്ല നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ പ്രാദേശിക നേതൃത്വങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രൂക്ഷ വിമര്‍ശനമാണ് അനുയായികള്‍ നടത്തുന്നത്.
എന്തിന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്യണം. യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട ബന്ധങ്ങളും അഴിമതിയും തുറന്നു കാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നല്കി ജനങ്ങള്‍ അധികാരത്തിലെത്തിച്ചത് ഇതിനായിരുന്നോ. യുഡിഎഫ് സര്‍ക്കാരിനെ കടത്തിവെട്ടുന്ന അഴിമതിയും സ്വനപക്ഷപാതവുമല്ലെ സംസ്ഥാനത്ത് കൊടികുത്തി വാഴുന്നത്. പിന്നെയെങ്ങനെ ലജ്ജയില്ലാതെ വോട്ട് തേടി ജനങ്ങളെ സമീപിക്കും എന്ന ചോദ്യം പാര്‍ട്ടി കേഡര്‍മാരടക്കം പാര്‍ട്ടിയുടെ പ്രാദേശിക തെരഞ്ഞെടുപ്പ് യോഗങ്ങളിലും മറ്റും ഉന്നയിക്കപ്പെടുന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് ഗോദയിലിറങ്ങി പാര്‍ട്ടിക്കു വേണ്ടി മുഴുവന്‍ സമയവും ഉറക്കമൊഴിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി സഖാക്കളെ ഇത്തവണ പ്രവര്‍ത്തന രംഗത്ത് സജീവമല്ലാത്ത സ്ഥിതിയാണ്.
തൊഴില്‍ വാഗ്ദാനം നല്കി വഞ്ചിച്ച സര്‍ക്കാര്‍ നടപടികളും ഡിവൈഎഫ്ഐയോടുളള മുഖ്യമന്ത്രിയുടേയും പാര്‍ട്ടി നേതാക്കളുടേയും നിലാപാടുകളും കാരണം യുവനിരയും പ്രവര്‍ത്തന രംഗത്തേക്ക് ഇതുവരെ ഇറങ്ങാത്ത സ്ഥിതിയാണ്. പാര്‍ട്ടിയെ ചലിപ്പിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ് ജില്ലാ-ഏരിയാ-പ്രാദേശിക നേതൃത്വങ്ങള്‍. ചിലയിടങ്ങളിലെങ്കിലും പരാജയ ഭീതികൊണ്ടും എല്‍ഡിഎഫിന് വോട്ട് പിടിക്കേണ്ട ഗതികേടോര്ത്തും സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് കടന്നു വരാന്‍ പോലും സിപിഎം പ്രാദേശിക നേതാക്കള്‍ മടിച്ചു നില്ക്കുന്ന സ്ഥിതിയാണ്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന് യുവാക്കള്‍ക്ക് സീറ്റ് നല്‍കാത്തതും ഡിവൈഎഫ്ഐക്കുളളില് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് നിരവധി യുവജന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും ഇത്തവണ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം യുവാക്കളെ അവഗണിച്ചതായ പരാതി കണ്ണൂരിലെ വിവിധ സിപിഎം ശക്തി കേന്ദങ്ങളിലടക്കം ഉയര്‍ന്നിട്ടുണ്ട്. ഇതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിച്ച് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് പരാജയപ്പെട്ടതോടെ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിനുളളില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പ്രതിഫലിക്കുന്നതായ ആരോപണങ്ങളും പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ട് ചേരികള്‍ തമ്മിലുളള ഭിന്നതയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഔദ്യോഗിക നേതൃത്വത്തിനുണ്ട്.
കണ്ണൂരുകാരായ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഒപ്പം ഭരണകൂടമൊന്നാകെയും പ്രതിക്കൂട്ടില്‍ നില്‍ക്കെ വോട്ട് തേടി പോകുമ്പോള്‍ ജനങ്ങളില്‍ നിന്നുയരുന്ന ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന ചോദ്യം പാര്‍ട്ടി ഗ്രാമങ്ങളിലെ പ്രാദേശിക നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: