തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം തങ്ങളുടെ അധികാരപരിധി വ്യക്തമാക്കി നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് മറുപടി നല്‍കും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തുന്നതിന് നിയമപരമായ അധികാരമുണ്ടെന്ന് ഇഡി നിയമസഭയെ അറിയിക്കും. പ്രിവിലേജ് കമ്മിറ്റി അന്വേഷണത്തിന്റെ ദിശമാറ്റുന്നതിന്റെ ഭാഗമായി നല്‍കിയ നോട്ടീസിന് മറുപടിയായിട്ടായിരിക്കും ഇക്കാര്യം വ്യക്തമാക്കുക.
പദ്ധതിയുടെ മറവില്‍ പ്രതികള്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളുണ്ട്. ഇ.ഡിയുടെ നടപടികള്‍ ലൈഫ് പദ്ധതിയെ തടസ്സപ്പെടുത്തുന്നുവെന്ന വാദം നിലനില്‍ക്കുന്നതല്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ണ്ണായക പദ്ധതിയുടെ നിണ്ണായക വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയെന്നും ഇഡി വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന എല്ലാകാര്യങ്ങളും സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതിയായ സ്വപ്‌നയ്‌ക്ക് ചോര്‍ത്തി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
നേരത്തെ, ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമവിരുദ്ധമാണെന്ന ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ ഇഡിയ്‌ക്ക് നിയമസഭ സമിതി നോട്ടീസ് നല്‍കിയിരുന്നു. ഒഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കാലതാമസം ഉണ്ടാക്കാതെ നാളെത്തന്നെ ഇഡി മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: