കാസര്‍കോഡ് : നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കില്ലെന്ന് മുസ്ലിം ലീഗ്. കേസില്‍ കമറുദ്ദീനെ രണ്ടാം പ്രതിയാക്കിയതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിക്ഷേപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചു കൊടുക്കണം അല്ലാതെ കമറുദ്ദീന് പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കേണ്ടതില്ല. നിലവില്‍ പാര്‍ട്ടി നടപടിയൊന്നും സ്വീകരിക്കാന്‍ നിശ്ചയിച്ചിട്ടില്ല. വിവാദങ്ങള്‍ ബാലന്‍സ് ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കില്‍ അതില്‍ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
നിക്ഷേപ പദ്ധതിയെക്കുറിച്ച് പാര്‍ട്ടി അറിഞ്ഞിരുന്നില്ല. ആളുകള്‍ക്ക് കാശ് കൊടുക്കാനുള്ള കാര്യവും ലീഗിന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സമയത്ത് അറിയില്ലായിരുന്നു. വിദ്യാര്‍ത്ഥി സംഘടനയിലൂടെ വന്ന മികച്ച സംഘാടകനും രാഷ്ട്രീയ നേതാവുമാണ് കമറുദ്ദീന് എന്ന കാര്യത്തില്‍ സംശയമില്ല. അര ദിവസം ചോദ്യം ചെയ്ത് ഒരു എംഎല്‍എ യെ അറസ്റ്റ് ചെയ്ത ജയിലിലടച്ച നടപടി അന്യായം ആണെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കേസില്‍ കമറുദ്ദീന് രണ്ടാം പ്രതിയാണ്. ജുവല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് ഒന്നാം പ്രതി. കേസില്‍ രണ്ട് പേര്‍ക്കും തുല്യപങ്കാളിത്തമാണുള്ളത്. എംഎല്‍എ എന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ ജ്വല്ലറി കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തങ്ങള്‍ തെറ്റിദ്ധരിപ്പിച്ചാതാണെന്നും കമറുദ്ദീന് മൊഴി നല്കി. ചെയര്‍മാനെന്നത് രേഖയില്‍ മാത്രമാണെന്നും എല്ലാ ഇടപാടിനും ഉത്തരവാദി പൂക്കോയ തങ്ങള്‍ ആണെന്നുമാണ് കമറുദ്ദീന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ജനങ്ങളില്‍ നിന്നും ഫാഷന്‍ ജുവല്ലറി നിക്ഷേപങ്ങള്‍ വാങ്ങിയതെല്ലാം നിയമവിരുദ്ധമാണ്. പൊതു പ്രവര്‍ത്തകനും മതനേതാവുമെന്നുമുള്ള സ്വാധീനം ഉപയോഗിച്ച് കമറുദ്ദീനും പൂക്കോയ തങ്ങളും ജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ വാങ്ങി. ഇത് ആസൂത്രിത ക്രിമിനല്‍ വഞ്ചനയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: