പാലക്കാട്: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാതെ പിണറായി സര്‍ക്കാരും പുന്നല ശ്രീകുമാറും തങ്ങളെ ചതിച്ചുവെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. പുനരന്വേഷണം തേടിയെന്ന് തങ്ങളോട് പറഞ്ഞ മുഖ്യമന്ത്രിയും പുന്നലയും യഥാര്‍ഥത്തില്‍ പുനര്‍വിചാരണ മാത്രമാണ് ആവശ്യപ്പെട്ടത്, അവര്‍ പറഞ്ഞു.
സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞത്. അമ്മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിന് തടസം നില്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ഇതിനു ശേഷമാണ് പുന്നല ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ സമീപിച്ചത്. പുനരന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കാമെന്ന് പറഞ്ഞു.
കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ചതിലും സിബിഐ അന്വേഷണം എന്നാണ് പറഞ്ഞത്. എന്നാല്‍ പുന്നല ചതിച്ചെന്ന് മനസ്സിലാക്കിയ ശേഷം കഴിഞ്ഞ ദിവസം ഉദയഭാനുവിന്റെ പക്കല്‍ നിന്ന് മടക്കി വാങ്ങിയ വക്കാലത്ത് മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിച്ചതോടെയാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. കേസില്‍ പുനര്‍വിചാരണ വേണമെന്നും, പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മാത്രമാണ് ഉദയഭാനു വഴി നല്കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലെ പോലെ പുനര്‍വിചാരണ മാത്രമാണ് തന്റെ പേരില്‍ നല്കിയ ഹര്‍ജിയിലുമുള്ളത്. പുനരന്വേഷണം പോലും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും വ്യക്തമായി. മുഖ്യമന്ത്രിയും പുന്നലയും ചേര്‍ന്ന് ഗൂഢാലോചന നടത്തി തന്നെ ചതിക്കുകയായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. ഇത് ശ്രദ്ധിച്ചില്ലായിരുന്നുവെങ്കില്‍ വീണ്ടും പ്രതികള്‍ രക്ഷപ്പെടുമായിരുന്നുവെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് നല്കിയ അപേക്ഷയുടെ കോപ്പിപോലും ഒരു വര്‍ഷമായിട്ടും തനിക്ക് നല്‍കിയിട്ടില്ല. അന്ന് താന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയാണെന്നാണ് പറഞ്ഞത്. ഇതുവരെ കോപ്പി തരാത്തതിന് പിന്നിലും ദുരൂഹതയുണ്ട്, അമ്മ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സോജന് സ്ഥാനക്കയറ്റം കിട്ടുന്നതുവരെ പുന്നല തന്നെ വിളിച്ചിരുന്നു. പിന്നീട് വിളിച്ചില്ല. എല്ലാം കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ കേസ് വീണ്ടും അട്ടിമറിക്കാനുള്ള നീക്കമാണ്.
ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാവുന്ന സ്പെഷ്യല്‍ ഗവ പ്ലീഡര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് കുട്ടികള്‍ മരിച്ചുകിടന്ന മുറി പരിശോധിച്ചതിലും ദുരൂഹതയുണ്ട്. പുനരന്വേഷണം സാധ്യമല്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷിക്കണം. പഴയ കേസില്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ല. അന്വേഷണത്തില്‍ അത് ചേര്‍ത്താല്‍ പുനരന്വേഷണവും വിചാരണയും സാധ്യമാണ്. ഇത് മറച്ചുവച്ചാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സംസാരിച്ചത്. അതിന് പിന്നില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രതികളെ രക്ഷിക്കാനും വേണ്ടിയാണ്.
മൂന്നാം പ്രതിയായ പ്രദീപിന്റെ മരണം ആത്മഹത്യയായി എഴുതിത്തള്ളാന്‍ പാടില്ല. നിലവില്‍ അയാള്‍ ജാമ്യത്തിലാണ്. അയാളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.
മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നട യാത്ര
പാലക്കാട്: വാളയാര്‍ സമരം എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി എ.കെ. ബാലനെ കാണാനും സമത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും മന്ത്രിയുടെ വീട്ടിലേക്ക് കാല്‍നടയായി പോകുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 10ന് വൈകിട്ട് മൂന്നിന് അട്ടപ്പള്ളത്തെ വീട്ടില്‍ നിന്ന് ആരംഭിച്ച് 12ന് ഉച്ചയ്ക്ക് 12 ഓടെ മന്ത്രിയുടെ വീട്ടിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. വാളയാര്‍ നീതി സമരസമിതി നേതാക്കളായ സി.ആര്. നീലകണ്ഠന്, വി.എം. മാര്‍സണ്‍, വിളയോടി വേണുഗോപാല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: