കാസര്‍കോഡ്: ജുവല്ലറി തട്ടിപ്പ് കേസിന് പിന്നാലെ മുസ്ലിം ലീഗ് എംഎല്‍എ എം.സി. കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി. പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നതാണ് ഇവര്‍ക്കെതിരായ കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളില്‍ കമറുദ്ദീന്‍ എംഎല്‍എയുടെ കൂട്ടുപ്രതിയാണ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകള്‍ 111 ആയി.
വലിയപറമ്പ്, തൃക്കരിപ്പൂര്‍ സ്വദേശികളില്‍ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്. കാസര്‍കോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം പൂക്കോയ തങ്ങള്‍ മാത്രം പ്രതിയായി മൂന്ന് വഞ്ചന കേസുകള്‍ കൂടി ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി 19 ലക്ഷവും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നതാണ് പരാതി. ഇതോടെ ജുവല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി ആകെ 115 വഞ്ചന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായി കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യഹര്‍ജി കാഞ്ഞങ്ങാട് ജില്ലാ കോടതി നാളെ പരിഗണിക്കും. ഐപിസി 420, 406, 409 വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത്. നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം (വകമാറ്റി ചിലവാക്കുക) ചെയ്തതിനും പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. നിക്ഷേപകരുടെ പണം കൊണ്ട് പ്രതികള്‍ ബംഗളൂരുവില്‍ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പൂക്കോയയ്‌ക്ക് വേണ്ടി പോലീസ് അന്വേഷണം കര്‍ശ്ശനമാക്കി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും, ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: