ശിലാവിഗ്രഹങ്ങളാണ് നമ്മുടെ ക്ഷേത്ര പ്രതിഷ്ഠകളില്‍ ഏറെയും. എന്നാല്‍ അപൂര്‍വമായി തടിയില്‍ കൊത്തിയെടുത്തവയും ഉണ്ട്. ശ്രീഭദ്രകാളീവിഗ്രഹങ്ങളാണ് ദാരു (മരം) വിഗ്രഹങ്ങളില്‍ അധികവും. ഉത്തമ വൃക്ഷങ്ങള്‍ കണ്ടെത്തി വേണം വിഗ്രഹം നിര്‍മിക്കാന്‍. ആ പട്ടികയില്‍ ഇടം പിടിച്ചവയില്‍ വരിക്കപ്ലാവാണ് സഹ്യന്റെ മണ്ണില്‍ ധാരാളം ഉള്ളത്. അതിനിലാണ് കേരളത്തില്‍ ദാരു വിഗ്രഹ നിര്‍മാണത്തിന് ഈ തടി തെരഞ്ഞെടുക്കുന്നത്.
ഇത്തരം ദാരുവിഗ്രഹങ്ങളില്‍ പുഴുക്കള്‍ വന്ന് കുത്തു പിടിക്കുന്നതിനും ചിതല്‍ കയറുന്നതിനും സാദ്ധ്യതയേറെയാണ്. അതിനാല്‍ ദാരു വിഗ്രഹങ്ങളുടെ സംരക്ഷണാര്‍ഥം വിവിധ രീതികള്‍ അവലംബിക്കുന്നു. അതില്‍ പ്രധാനമാണ് ചാന്താട്ടം. ഭദ്രകാളീദേവിക്കു മാത്രമാണ് ചാന്താടുക. മറ്റ് ദേവതാ വിഗ്രഹത്തില്‍ ചായം തേയ്‌ക്കുകയാണ് പതിവ്. വിവിധ മരങ്ങളുടെ കറകള്‍, കല്ലുകള്‍ ഉരച്ച പൊടി, പച്ചില ചാറുകള്‍ എന്നിങ്ങനെയുള്ള കൂട്ടുകളാലാണ് നിറം കൊടുക്കുന്നത്. തേക്കുമരം സ്ഫുടം ചെയ്ത് വിശിഷ്ടമായ എണ്ണയില്‍ ചേര്‍ത്താണ് ചാന്ത് നിര്‍മിക്കുന്നത്. വിഗ്രഹങ്ങളില്‍ ചാന്താടുന്നത് എല്ലാവര്‍ഷവും പതിവാണ്. അത് വിശേഷ ദിവസങ്ങളിലാകും.
മണ്ഡല സമാപനമായ 41, മകര ഭരണി, മകര ചൊവ്വ, കുംഭഭരണി, മീനഭരണി, മേടപ്പത്ത് തുടങ്ങിയ ദിവസങ്ങളിലാണ് അധികവും കണ്ടു വരുന്നത്.മദ്ധ്യകേരളത്തില്‍ ചാന്താട്ടം നിര്‍വഹിക്കുന്നതിനുള്ള ചാന്ത് വടക്കാഞ്ചേരിയില്‍ നിന്നാണ് കൊണ്ടുവരുന്നത്. അത് ക്ഷേത്രത്തില്‍ എത്തിക്കുന്നതിന് ചില അവകാശികള്‍ അതാതിടത്ത് നിലവിലുണ്ട്. ക്ഷേത്രത്തിലേക്ക് താലപ്പൊലിയോടെയാണ് ചാന്ത് കൊണ്ടു വരുന്നത്.
ചൈതന്യ വര്‍ധനവിന് കലശം ആടുക പതിവാണ്. അതുപോലെയാണ് ചാന്താട്ട കര്‍മവും. മന്ത്ര പൂര്‍വ്വം കലശം പൂജ ചെയ്ത് ബിംബത്തിലേക്ക് പകരുന്നത് ക്ഷേത്രം തന്ത്രിയാണ്. അഭിഷേകം നിര്‍വഹിക്കവെ ഈ ചാന്ത് വിഗ്രഹത്തിന്റെ സകല ഭാഗത്തേക്കും എത്തിക്കുവാന്‍ ശ്രദ്ധിക്കണം. ദാരുവിന്റെ സംരക്ഷണത്തിനാണല്ലോ ചാന്ത് ആടുന്നത്. അതിനാല്‍ എല്ലാ ഭാഗത്തും കൃത്യമായ അളവില്‍ എത്തിക്കേണ്ടതും ആവശ്യമാണ്. അതിനായി നല്ലതുപോലെ തേച്ചു പിടിപ്പിക്കണം.
തിരുവൈരാണിക്കുളത്ത് മഞ്ഞള്‍ ആടുക മാത്രമാണ് നിര്‍വഹിക്കുന്നത്. ശ്രീ പാര്‍വതീ സങ്കല്പമായതിനാല്‍ ചാന്തിനു പകരം മഞ്ഞള്‍ പൊടിയാണ് ആടുന്നത്. ദാരു ബിംബം ഉള്ളിടത്ത് അര്‍ച്ചന ബിംബവും കാണും. അതിലാണ് പതിവായി അഭിഷേകാദി കര്‍മങ്ങള്‍. ഈ സമയത്ത് ദാരു ബിംബത്തിലെ ചൈതന്യം അര്‍ച്ചനാ ബിംബത്തിലേക്ക് പകരും. പൂജാനന്തരം തിരിച്ച് വിഗ്രഹത്തിലേക്ക് ചൈതന്യം സന്നിവേശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക