അബുദാബി: ഐപിഎല്‍ കിരീടത്തിനായി വിരാട് കോഹ്ലി ഇനിയും കാത്തിരിക്കണം. എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ റോയല്‍ ചലഞ്ചേഴ്സിന്റെ കിരീട സ്വപ്നം തകര്‍ന്നു. അവസവരത്തിനൊത്തുയരാന് കഴിയാതെ പോയതാണ് തോല്‍വിക്ക് കാരണം. കോഹ്ലിയും എ.ബി ഡിവില്ലിയേഴ്സും ഉള്‍പ്പെട്ട ബാറ്റിങ് നിരയ്ക്ക് 20 ഓവറില്‍ 131 റണ്‍സേ നേടാനായുള്ളൂ.
സണ്‍റൈസേഴ്സിന് വിജയമൊരുക്കിയ ബാറ്റ്സ്മാന് കെയ്ന്‍ വില്ല്യംസണിനെ പുറത്താക്കാന്‍ ലഭിച്ച അവസരം കൈവിട്ടതാണ് തോല്‍വിക്ക് കാരണം. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ മത്സരഫലം ഞങ്ങള്‍ക്ക് അനുകൂലമായേനെ. പക്ഷെ ആ ക്യാച്ചെടുക്കുക വിഷമകരമായിരുന്നെന്നും കോഹ്ലി പറഞ്ഞു.
ഹൈദരാബാദിന് ജയിക്കാന്‍ 2.4 ഓവറില്‍ 28 റണ്‍സ് ആവശ്യമായിരുന്നപ്പോഴാണ് വില്യംസണിനെ ബൗണ്ടറി ലൈനില്‍ ദേവ്ദത്ത് പടിക്കല്‍ കൈവിട്ടത്. വീണു കിട്ടിയ അവസരം മുതലാക്കി വില്യംസണ് അമ്പത് റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് പന്ത് ശേഷിക്കെയാണ് ഹൈദരാബാദ് 132 റണ്‍സ് നേടി വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് 20 ഓവറില്‍ ഏഴു വിക്കറ്റിന് 131 റണ്‍സേ നേടാനായുള്ളൂ.
ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സിനായി ഒന്ന് രണ്ട് താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പടിക്കല്‍ അതിലൊരാളാണ്. നാനൂറിലേറെ റണ്‍സ് നേടുക എളുപ്പമല്ല. പിടിക്കലിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്. മുഹമ്മദ് സിറാജും ശക്തമായി തിരിച്ചുവന്നു. യുസ്വേന്ദ്ര ചഹലും എ.ബി. ഡിവില്ലിയേഴ്സും മോശമായില്ല. മറ്റുള്ളവര്‍ സംഭാവന നല്‍കിയെങ്കിലും അത് പോരായിരുന്നെ് കോഹ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: