വാര്‍ദ്ധക്യത്തിലേക്ക് കടന്നിരിക്കുന്നു കേരളം. അറുപത്തിനാല് വര്‍ഷത്തിനിടയില്‍ കേരള രാഷ്ട്രീയം പല പരീക്ഷണങ്ങളും നടത്തി. പരിഷ്കാരങ്ങളും നടന്നു. എന്നിട്ടും സ്വന്തം ചിഹ്നത്തില്‍ ഭൂരിപക്ഷം നേടി ഭരിക്കാന്‍ ഒരു കക്ഷിക്കും അവസരം ലഭിച്ചില്ല. ആദ്യ മന്ത്രിസഭ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രരെ ആശ്രയിച്ച് ഭരണത്തിലെത്തിയപ്പോള്‍ പിന്നീട് ഇങ്ങോട്ട് സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തിയേ കോണ്‍ഗ്രസ്സുകാര്‍ക്കും ഭരണത്തിലെത്താന്‍ സാധിച്ചുള്ളൂ. മാറിയും മറിഞ്ഞുമുള്ള സഖ്യകക്ഷി സമ്പ്രദായത്തില്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത പരുവത്തിലായിരിക്കുന്നു.
പ്രബലമായ ഇരുമുന്നണികളുടെ കൊടിയടയാളം നോക്കി തിരിച്ചറിയാനേ കഴിയില്ല. രണ്ടിലും ഒരേ രൂപത്തിലുള്ള കൊടികളാണ്. രണ്ടിടത്തും മഴവില്ലുപോലെ. രൂപത്തിലും ഭാവത്തിലും ആശയത്തിലും നയത്തിലും തന്ത്രത്തിലും വേര്‍തിരിവില്ല. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. എല്ലാം ശരിയാകുമെന്ന പ്രതീക്ഷ വോട്ടര്‍മാര്‍ക്ക് നല്കുന്നതില് ഇരുകൂട്ടര്‍ക്കും പഞ്ഞവുമില്ല. പക്ഷേ ഒന്നും നടക്കുന്നില്ല. നടപ്പാക്കുന്നില്ല. അതുകൊണ്ടാണല്ലൊ അഞ്ചുവര്‍ഷം തികയുമ്പോള്‍ ഭരണം വിട്ടൊഴിയേണ്ടി വരുന്നത്. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നു. വോട്ടിടുമ്പോള്‍ അത് പ്രകടമാവുന്നു. ഇക്കുറി അതിന് മാറ്റം വരുമെന്ന് ഭരണകക്ഷി ഉറപ്പിച്ചതായിരുന്നു. ചില മാധ്യമങ്ങള്‍ അതിന്ന് അടിവരയുമിട്ട് സര്‍വ്വേ നടത്തി. ഇടത് ഭരണത്തിന് തുടര്‍ച്ചയെന്ന് പ്രവചിച്ചു. അപ്പോഴല്ലോ ഇക്കണ്ടതൊന്നും കണക്കല്ല മന്നവാ എന്നറിയുന്നത്.
സ്വര്‍ണക്കള്ളക്കടത്ത്, പദ്ധതികളിലെ കമ്മീഷന് ഇതിന്റെയെല്ലാം അന്വേഷണം തുടങ്ങിയപ്പോള്‍ പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലെന്ന് കണ്ടെത്താനായി. ബന്ധപ്പെട്ട കേന്ദ്ര അന്വേഷണസംഘങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്ന് എന്ന മട്ടില്‍ രംഗത്തെത്തി. അതിനിടയിലാണ് മയക്കുമരുന്ന് വ്യാപാരത്തിന്റെ ചുരുളഴിയുന്നത്. ബംഗളുരുവിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ മുഖ്യസൂത്രധാരന്മാരും ദല്ലാളുകളും മലയാളികളെന്നും കണ്ടെത്തി.
പഴയൊരുകഥയുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കാനെത്തി. ആഗ്രയില്‍ നടക്കാനിറങ്ങിയ പ്രഭാതത്തില്‍ കണ്ടത് റോഡരികിലും മറ്റും വിസര്ജ്ജിക്കാന് ആളുകള്‍ കുത്തിയിരിക്കുന്നു. ‘ഛെ’ എന്ന് പ്രസിഡന്റ് പറഞ്ഞത്രെ. അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന് അത് വലിയ നാണക്കേടുണ്ടാക്കി. മറിച്ചൊന്നും പറഞ്ഞില്ല. നമ്മുടെ പ്രധാനമന്ത്രി അമേരിക്കയിലെത്തിയപ്പോള്‍ സല്‍ക്കാരങ്ങളും പരിഷ്ക്കാരങ്ങളുമല്ല ശ്രദ്ധിച്ചത്. നടക്കാനിറങ്ങിയപ്പോള്‍ ഒരാള്‍ വിസര്‍ജ്ജിക്കാനിരുന്നത് കണ്ടതില്‍പ്പരം സന്തോഷം വേറൊന്നില്ല. ഈ കാഴ്ച പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ”ആരവിടെ ?” പ്രസിഡന്റ് പരിചാരകരെ വിളിച്ചു. നമ്മുടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ ആളാരെന്ന് ആരാഞ്ഞു. അതറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വീണ്ടും പെട്ടു. അയാള്‍ ഒരു ഇന്ത്യക്കാരനായിരുന്നത്രെ.
ബംഗളൂരുവിലെ മയക്കുമരുന്നു വ്യാപാരവും അതുപോലെ. ആ കള്ളക്കച്ചവടത്തിന്റെ ബോസും ഡോണും മലയാളി. കേരളത്തിലെ ഭരണകക്ഷിയുടെ കേന്ദ്ര നേതാവും കേരള സെക്രട്ടറിയുമായ വ്യക്തിയുടെ ദ്വിതീയ പുത്രന് ബിനീഷ്. മകന് തെറ്റുകാരനെങ്കില്‍ തൂക്കിലേറ്റട്ടെ എന്ന് അച്ഛന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് അഭിപ്രായം വേറെയാണ്. ”എല്ലാവരും കൂടി കുടുംബത്തെ തകര്‍ക്കാന്‍ നോക്കുന്നു” എന്നാണ് വിനോദിനി ബാലകൃഷ്ണന് വിലപിക്കുന്നത്. അവര്‍ പറയുന്നു ”മരിച്ചുകിട്ടിയാല്‍ മതി, മകന് ചെയ്ത തെറ്റ് എന്താണ്? ഞാനായതു കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. മരുമകള്‍ 24 മണിക്കൂര്‍ അനുഭവിച്ച വേദന വിവരിക്കാനാവുന്നില്ല’-‘.
മരുമകളുടെ അച്ഛന് പോലീസിനു നല്കിയ പരാതിയില്‍ മകളെ നന്നായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാണ്. പീഡനം എന്താണെന്നറിയാന്‍ മലയാളികള്‍ക്ക് ശബ്ദതാരാവലിയൊന്നും നോക്കേണ്ടതില്ല. പക്ഷേ മകള്‍ ചാനലുകളില്‍ പറഞ്ഞത് മലയാളികളാകെ കേട്ടതാണ്, ”മാനസിക പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ ശാരീരികമായി ഒരു പീഡനവും സംഭവിച്ചിട്ടില്ലെ”ന്നാണ്.
ഇങ്ങിനെയുള്ള അമ്മായിപ്പനുണ്ടായതാണോ ബിനീഷിന്റെ കുഴപ്പം? പരിശോധിക്കേണ്ടതാണ്. കോടിയേരി ബാലകൃഷ്ണന് രാഷ്ട്രീയ തൊഴിലാളിയാണ്. പഠനം തുടങ്ങിയ കാലം മുതല്‍. സ്കൂളില്‍ പഠിക്കുമ്പോള്‍, തലശ്ശേരി വാടിക്കല്‍ വഴി നടന്നുപോകുമ്പോള്‍ തയ്യല്‍ കടയില്‍ നിന്ന് ആരോ ചിരിച്ചെന്നതിന്റെ പേരില്‍ കടയുടമ വാടിക്കല്‍ രാമകൃഷ്ണനെ ഒരു പറ്റം സഖാക്കള്‍ കല്ലുവെട്ടുന്ന മഴു കൊണ്ട് വെട്ടിക്കൊന്നത് ചരിത്രം. അതിന്റെ ദൃക്സാക്ഷികള്‍ ഇപ്പോഴുമുണ്ട്. രാമകൃഷ്ണന്റെ ഭാര്യയും ജീവിച്ചിരിപ്പുണ്ട്. അമ്പത് വര്‍ഷത്തിലധികമായി അവര്‍ക്ക് കൂട്ട് ഭര്‍ത്താവിന്റെ ദാരുണമായ അന്ത്യത്തിന്റെ ഓര്‍മ്മയാണ്. അത്രയൊന്നും വിനോദിനി മാഡത്തിനുണ്ടായിട്ടില്ലല്ലോ.
ഒരു പ്രാഥമിക സ്കൂള്‍ അധ്യാപകനായ, വിനോദിനിയുടെ അച്ഛന് എം.വി. രാജഗോപാലിന് വഴിവിട്ട് നേടിയ സാമ്പാദ്യമൊന്നുമില്ലല്ലോ. വിനോദിനിയുടെ ഭര്‍ത്താവിന് എംഎല്‍എ പെന്ഷന് വരുമാനമല്ലാതെ കച്ചവടമൊന്നുമില്ല. എന്നിട്ടും കുടുംബം കോടീശ്വരന്മാരായി. 5കോടി, 10 കോടി, 50 കോടി അങ്ങനെ പോകുന്നു മകന്റെ ഇടപാടുകള്‍. ഇത് കേട്ടുകേള്‍വിയല്ല. കിട്ടിയ തെളിവുകളാണ്. തെളിവെടുക്കല്‍ കേരളത്തിന് അപരിചിതം. പക്ഷേ കാലത്തിന്റെ അനിവാര്യവും. കുറ്റിബീഡി വാങ്ങാനും വലിക്കാനും കാശില്ലാത്തവരുടെ പോരാട്ടമാണ് ഭര്‍ത്താവിന്റെ കരുത്തെന്ന് വിനോദിനി മാഡം മാറത്തടിക്കുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: