കേരളത്തിലെ എല്ലാ പ്രധാനനഗരങ്ങളിലും സ്ഥിരമായി വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. കണ്ണൂരില്‍ അത്തരമൊരു സിനിമാശാല പ്രഭാത് തീയേറ്ററായിരുന്നു. എണ്‍പതുകളില്‍ ഞങ്ങള്‍ ഹോളിവുഡ് ചിത്രങ്ങളടക്കമുള്ള വിദേശ സിനിമകള്‍ കണ്ടിരുന്ന ആ തീയേറ്റര്‍ ഇന്നില്ല. അക്കാലത്ത് കാത്തിരുന്നു കാണുന്ന ചില വിദേശ സിനിമാ പരമ്പരകളുണ്ടായിരുന്നു. ജെയിംസ് ബോണ്ട്, സ്റ്റാര്‍ വാര്‍സ്, ജാസ് തുടങ്ങിയ ഒരേ ജനുസ്സില്പെട്ട സിനിമകള്‍. മൂന്നോ നാലോ മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം അത്തരം സിനിമകള്‍ പ്രഭാതിലെത്തുമ്പോള്‍ മിസ്സാവാതെ കാണാന്‍ ഞങ്ങളെ പോലെ കുറേ പേര് ഉണ്ടാവും.
ആദ്യം കണ്ട ജെയിംസ് ബോണ്ട് സിനിമയിലെ നായകന് റോജര്‍ മൂര്‍ ആണെന്നാണ് ഓര്‍മ്മ. ‘മൂണ്‍റേക്കര്‍’ ആണോ ‘ദ സ്പൈ ഹു ലൗവ്ഡ് മി’ ആണോ എന്നോര്‍മ്മയില്ല. എണ്‍പതുകളുടെ ആദ്യമാണ്. പിന്നീട് കണ്ട ജെയിംസ് ബോണ്ട് സിനിമകളില്‍ കുറേയെണ്ണം ഷോണ്‍ കോണറിയുടേതായിരുന്നു. ടെക്നോളജിയുടെ അപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തി കുറ്റാന്വേഷണ യാത്രയില്‍ മുന്നേറുമ്പോഴും തന്റെ കാമുകിയുടെ പ്രിയപ്പെട്ടവനായി സല്ലപിക്കുകയും, ഇടക്കിടെ കൊച്ചു തമാശകള്‍ കാട്ടുകയും ചെയ്യുന്ന ജെയിംസ് ബോണ്ടെന്ന കഥാപാത്രം കോണറയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചു. ജെയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലവതരിപ്പിച്ചത് ഷോണ്‍ കോണറിയായിരുന്നു. 1962ലെ ‘ഡോക്ടര്‍ നോ’ എന്ന ചിത്രം. തുടര്‍ന്ന് അഞ്ച് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ കൂടി അദ്ദേഹം അഭിനയിച്ചു.
ഏജന്റ് 007 എന്ന രഹസ്യനാമത്തിലറിയപ്പെട്ടിരുന്ന ജെയിംസ് ബോണ്ട് എന്ന കുറ്റാന്വേഷകന് ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നു. സ്രഷ്ടാവിനേക്കാള്‍ പ്രശസ്തനായി തീര്‍ന്ന കഥാപാത്രം. 1953 ലാണ് ഇയാന്‍ ഫ്ളെമിങ് എന്ന നോവലിസ്റ്റ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത്. തന്റെ ആദ്യനോവലായ കാസിനോ റോയലിലെ അമാനുഷിക കഴിവുകളുള്ള നായകനായിരുന്നു ജെയിംസ് ബോണ്ട്. ബ്രിട്ടീഷ് സീക്രട്ട് ഇന്റിലിജന്‍സ് സര്‍വ്വീസിലെ ഏജന്റായ അദ്ദേഹത്തിന്റെ കോഡ് നമ്പര്‍ 007. തുടര്‍ന്ന് ഈ കഥാപാത്രത്തെ നായകനാക്കി പുതിയ നോവലുകള്‍ ഫ്ളെമിങ് എഴുതിക്കൊണ്ടിരുന്നു.
1958ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോ എന്ന നോവല്‍ ആധാരമാക്കി ആദ്യത്തെ ജെയിംസ് ബോണ്ട് സിനിമ 1962ല്‍ പുറത്തിറങ്ങി. സ്കോട്ട്ലണ്ടുകാരനായ ഷോണ്‍ കോണറി നായകവേഷത്തിലെത്തി. ഈ ചിത്രത്തിന്റെ വിജയം തുടര്‍ന്നും ജെയിംസ് ബോണ്ട് ചിത്രങ്ങളുണ്ടാകാന്‍ കാരണമായി. ജെയിംസ് ബോണ്ട് സിനിമകളുടെ പ്രയാണം ഇപ്പോഴും തുടരുന്നു. ഇരുപത്തിയഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നു. ഹാരിപോട്ടര്‍ സിനിമകള്‍ കഴിഞ്ഞാല്‍ ലോക സിനിമാചരിത്രത്തില്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയത് ജെയിംസ് ബോണ്ട് ചിത്രങ്ങളാണത്രെ.
ആറ് പതിറ്റാണ്ടു നീണ്ട ആ പ്രയാണത്തില്‍ ഈ കുറ്റാന്വേഷക കഥാപാത്രം സിനിമാസ്വാദകര്‍ക്ക് ഏറ്റവുമധികം ആരാധ്യനായത് എണ്‍പതുകള്‍ വരെയായിരുന്നു. അതായത് ഷോണ്‍ കോണറിയും റോജര്‍ മൂറും തിമോത്തി ഡാള്‍ട്ടണും ബോണ്ടായി വെള്ളിത്തിരയിലെത്തിയ കാലഘട്ടം.
1963ലെ ‘ഫ്രം റഷ്യ വിത്ത് ലൗ’, 64ലെ ‘ഗോള്‍ഡ് ഫിംഗര്‍’, 65ലെ ‘തണ്ടര്‍ബോള്‍’, 67ലെ ‘യൂ ഒണ്‍ലി ലിവ് ടൈ്വസ്’ എന്നീ സിനിമകളിലൂടെ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ഷോണ്‍ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം 1987ലാണ് അദ്ദേഹത്തിന് ദ അണ്‍ടച്ചബിള്‍സ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹതാരത്തിനുള്ള ഓസ്കര് അവാര്‍ഡ് ലഭിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെ നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. 2000ല്‍ ബ്രിട്ടീഷ് രാജ്ഞി അദ്ദേഹത്തെ സര് പദവി നല്കി ആദരിച്ചു.
ഇന്ത്യയുടെ അതുല്യ നടന് നസീറുദ്ദീന്‍ ഷായ്ക്ക് ഷോണ്‍ കോണറിക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. 2003ല്‍, കോണറിക്ക് 77 വയസ്സ് പ്രായമുള്ളപ്പോള്‍. ദ ലീഗ് ഓഫ് എക്സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴുള്ള അനുഭവം നസീറുദ്ദീന്‍ പങ്ക് വച്ചിട്ടുണ്ട്. നടനെന്ന നിലയിലും പ്രായം കൊണ്ടും ഏറ്റവും മുതിര്‍ന്ന ആളായിട്ടും തനിക്കൊപ്പം ജോലി ചെയ്തവരോട് അദ്ദേഹം കാട്ടിയ എളിമയും സ്നേഹവും നസീറുദ്ദീന്‍ ഓര്‍ക്കുന്നു. ”സാധാരണ സെലിബ്രിറ്റികള്‍ അവരുടെ കാര്യങ്ങളലില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തത്പരരാകാറില്ല. തങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം കേള്‍ക്കാനും, തങ്ങളെ കുറിച്ചു മാത്രം പറയാനും താത്പര്യമുള്ളവരായിരിക്കും അവര്‍. എന്നാല്‍ ഷോണ്‍ കോണറി ഇടക്കിടെ ഞങ്ങളുടെയെല്ലാം കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കി” എന്നാണ് നസീറുദ്ദീന്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: