തിരുവല്ല: കേരളത്തിലെ ഒരു രാഷ്ട്രീയ ഉന്നതന് അമേരിക്കയില്‍ ചികിത്സക്കുള്ള അവസരം ഒരുക്കി നല്‍കിയത് കെ.പി യോഹന്നാന് നേതൃത്വം നല്കുന്ന ബിലീവേഴ്സ് ചര്‍ച്ചെന്ന് റിപ്പോര്‍ട്ട്. ഈ രാഷ്ട്രീയ നേതാവിനും കുടുംബത്തിനും അമേരിക്കയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് ബിലിവേഴ്സ് ചര്‍ച്ചിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരാണെന്ന ആരോപണവുമായി സഭയിലെ വിമതരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഭരണത്തില്‍ ഇരിക്കുന്ന പാര്‍ട്ടിയും പല നേതാക്കള്‍ക്കും സഭയുമായി ബന്ധമുള്ളതായുള്ള റിപ്പോര്‍ട്ടുകളും ഇന്‍കം ടാക്സ് റെയിഡിനെ തുടര്‍ന്ന് പുറത്തുവന്നിട്ടുണ്ട്. അതേസമയം, ബിലിവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ സഭാ മാനേജര്‍ക്കെതിരെ സേവ് ബില്ലീവേഴ്സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്. സഭാ മാനേജറായ വൈദികന് സിജോ പന്തപ്പള്ളിക്കെതിരെയാണ് സേവ് ബില്ലീവേഴ്സ് ഫോറം രംഗത്തു വന്നിട്ടുള്ളത്.
വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരില്‍ നിന്നും ഉണ്ടായതെന്നും സഭാ മാനേജറായ ഫാ.സിജോ പന്തപ്പള്ളിയാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്നും ഫോറത്തിന്റെ ഭാരവാഹികള്‍ പറഞ്ഞു. ഈ വൈദികന്റെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ ചുമതലകളില്‍ നിന്നും സിജോ പന്തപ്പള്ളിയെ നീക്കണമെന്നും സേവ് ബിലിവേഴ്സ് ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ആദായ നികുതി വകുപ്പ് 15 കോടി രൂപ പിടികൂടിയിട്ടുണ്ട്. ബിലീവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ല മെഡിക്കല്‍ കോളേജ് കോംപൗണ്ടിലെ കാറില്‍ നിന്നും ദല്‍ഹിയിലേയും കേരളത്തിലേയും വിവിധ സ്ഥാപനങ്ങളില്‍ നിന്നുമായാണ് 15 കോടി പിടികൂടിയിരിക്കുന്നത്.
ഇത് കൂടാത രണ്ട് കോടിയുടെ നിരോധിച്ച നോട്ടുകെട്ടുകള്‍ കൂടി പിടികൂടിയിട്ടുണ്ട്. തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് അസ്ഥാനത്തു നിന്നാണ് നിരോധിച്ച നൂറിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകള്‍ പിടികൂടിയിരിക്കുന്നത്. തെരച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടവും (എഫ്സിആര്‍എ) വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബിലീവേഴ്സ് ചര്‍ച്ചിന് വിദേശത്തുനിന്നും 6000 കോടി രൂപയാണ് ലഭിച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് സംസ്ഥാനത്തെ 60 കേന്ദ്രങ്ങളിലേക്കായാണ് ബിലീവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുള്ളത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ചര്‍ച്ച് ആഗോളതലത്തില്‍ അറിയപ്പെടുന്നത്. കെ.പി യോഹന്നാന് എതിരെ നേരത്തെ തന്നെ വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. 2012 ല്‍ കെ.പി യോഹന്നാന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: