തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറഞ്ഞതോടെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ-വെള്ളി പണ്ടങ്ങള് പണയംവെച്ച് വായ്പയെടുക്കാന്‍ തീരുമാനം. ഭക്തര്‍ കാണിക്കായി നല്കിയതും ക്ഷേത്രത്തിന്റെ സ്വത്തായ സ്വര്‍ണ്ണങ്ങളുമാണ് പണയത്തിന് വെയ്ക്കുന്നത്. കൊറോണ പ്രതിസന്ധിമൂലമുണ്ടായ വരുമാന നഷ്ടം നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണിത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ വരുമാനം മുതല്‍ക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വ്യക്തമാക്കി. വെള്ളിയുള്‍പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്.
ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും ഇത്തരത്തില്‍ പുരോഗമിക്കുന്നു. ഇതിനു പുറമെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മൂവായിരത്തോളം ഏക്കര്‍ സ്ഥലം പാട്ടത്തിന് കൊടുക്കാനും ബോര്‍ഡ് തീരുമാചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: