ഏരൂര്‍: മുന്‍ എംഎല്‍എ പി.എസ്. സുപാലിന്റെ സസ്പന്ഷന് പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. സിപിഐയുടെ ജില്ലയിലെ ശക്തികേന്ദ്രമെന്ന് കരുതുന്ന ഏരൂരില്‍ മുതിര്‍ന്ന നേതാവ് വിഭാഗീയതയില്‍ പാര്‍ട്ടിക്ക് പുറത്താകുന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. സിപിഎമ്മിനോട് പടവെട്ടി പിടിച്ചുനില്‍ക്കുന്ന സിപിഐ, സിപിഎമ്മിനേക്കാള്‍ വിഭാഗീയതയില്പ്പെട്ടത് അണികളില്‍ കടുത്ത നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. സുപാലിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത് പിന്തുണ പ്രഖ്യാപിക്കുന്നവരെ അച്ചടക്കം ഓര്‍മ്മിപ്പിക്കുകയാണ് കാനം പക്ഷക്കാര്‍. എന്നാല്‍ തെറിയഭിഷേകം കൊണ്ട് എതിര്‍പക്ഷവും കടന്നാക്രമിക്കുന്നുമുണ്ട്.
പ്രബലമല്ലെങ്കിലും മന്ത്രി കെ.രാജു നേതൃത്വം കൊടുക്കുന്ന മൂന്നാംചേരി സന്തോഷത്തിലാണ്. പ്രബലരായ ഇരുചേരികളില്‍ വിജയിക്കുന്നവരോട് ചേരാനാണിവര്ക്കിഷ്ടം. വിവിധ പഞ്ചായത്തുകളില്‍ മുന്‍പ് സിപിഎമ്മില്‍ നിന്നും അച്ചടക്ക നടപടികള്‍ നേരിട്ട് പാര്‍ട്ടിക്ക് പുറത്തായി എത്തിയവരാണ് സിപിഐയില്‍ കൂടുതല്‍. തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തെരഞ്ഞെടുപ്പും പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള് കടുത്ത പ്രതിസന്ധിയാണ് സിപിഐ നേരിടുന്നത്.
കഴിഞ്ഞ നിരവധി തവണയായി സിപിഐ പ്രതിനിധി വിജയിച്ചുവരുകയും സിപിഐയ്ക്ക് നിര്‍ണായക സ്വാധീനം ഉള്ളതുമായ മണ്ഡലത്തില്‍ അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പി.എസ് ശ്രീനിവാസന്റെ മകനെ പാര്‍ട്ടിക്ക് പുറത്താക്കിയതില്‍ സിപിഐ നേതൃത്വത്തിലുള്ള സിപിഎമ്മിന്റെ സ്വാധീനമാണന്നും വിലയിരുത്തപ്പെടുന്നു. നവമാധ്യമങ്ങളിലൂടെ പക്ഷം തിരിഞ്ഞ് സിപിഐ നേതാക്കളും അണികളും വാഗ്വാദങ്ങള്‍ തുടരുമ്പോള്‍ സിപിഎമ്മിലേക്ക് കൊഴിച്ചെടുത്ത് സിപിഐയെ ഇനിയും ശോഷിപ്പിക്കാനും തദ്ദേശ്ശ സ്ഥാപന സീറ്റുകളും, നിയമസഭാ സീറ്റുതന്നെ തട്ടിയെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സിപിഎമ്മാണ് ഇതിനു പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: