കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു. രവീന്ദ്രന്റെ സ്വത്ത് സമ്പാദനത്തെകുറിച്ചും ഇടപാടുകളെകുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ യഥാര്‍ത്ഥ സിഎം, സി.എം. രവീന്ദ്രനാണ്. എല്ലാ ഫയലുകളിലും അവസാനവാക്ക് രവീന്ദ്രനാണ്. രവീന്ദ്രന് വന്‍തോതില്‍ ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. രവീന്ദ്രന്റെ പല ഇടപാടുകളും ദുരൂഹമാണ്. രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാടിന് അനുകൂലമായി നില്ക്കാത്തതിന്റെ പേരിലാണ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ സിപിഎം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാമെന്നും ഇവ വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ താല്പര്യമില്ലെന്നും അന്വേഷണസംഘം ചോദിച്ചാല്‍ വിവരങ്ങള്‍ നല്‍കുമെന്നും വേണു വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയനിയമനമാണ് സി.എം. രവീന്ദ്രന്റേത്. സിപിഎം സെക്രട്ടറിയേറ്റ് സ്റ്റാഫ് ലോക്കല്‍ കമ്മറ്റി അംഗം കൂടിയാണ് രവീന്ദ്രനെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നാളിതുവരെ ഒരു നേതൃത്വവും നേരിട്ടിട്ടില്ലാത്ത അതിഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിടുന്നത്. മാനമുണ്ടെങ്കില്‍ ഇരുവരും രാജിവെക്കണം. ഇല്ലെങ്കില്‍ കേരളജനത പുറംകാല് കൊണ്ട് ചവിട്ടിപ്പുറത്താക്കും. സിപിഎം അണികള്‍ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന കാലം അതിവിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നാഭിപ്രായങ്ങളെ കൊന്നുതീര്‍ക്കുകയെന്നത് പിണറായി വിജയന്റെ ശൈലിയാണ്. ഈ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നടന്ന എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളേയും കുറിച്ച് സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.പി. പ്രകാശനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: