ബെംഗളൂരു : മയക്കുമരുന്ന് കേസിലെ പ്രതി അനൂപുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മരുതംകുഴിയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ഒപ്പുവെച്ചിരിക്കുന്നത് ബിനീഷാണ്. തിരുവനന്തപുരത്ത് ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയതായി തെളിവുണ്ടെന്നും എന്‍ഫോഴ്സ്മെന്റ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബിനീഷിനെ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
സംശയാസ്പദമായ ഇടപാടുകള്‍ ബിനീഷ് നടത്തിയിട്ടുണ്ടെന്നും അതിനാല്‍ കസ്റ്റടഡി കാലാവധി നീട്ടി നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയ മൂന്ന് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുള്ളതായി ഇഡി കോടതിയില്‍ ആരോപിച്ചു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ചോദ്യം ചെയ്യലിനായി ബിനീഷ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്.
എന്നാല്‍ അന്വേഷണ സംഘം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ബിനീഷിന്റെ ആരോഗ്യനില മോശമാണ്. അദ്ദേഹത്തിന് ചികിത്സ നല്‍കേണ്ടതുണ്ടെന്ന് ബിനീഷിന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ബിനീഷിന്റെ പിതാവ്. അദ്ദേഹത്തെ അപമാനിക്കുന്നതിനായി ബിനീഷിനെ കേസില്‍ കുടുക്കിയതാണന്നും അഭിഭാഷകന് എന്‍ഫോഴ്സ്മെന്റിനെതിരെ കോടതിയില്‍ അറിയിച്ചു.
എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യറോയും ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: