അമ്പലപ്പുഴ: മില്ലുടമകളും സിവില്‍ സപ്ലൈസും തിരിഞ്ഞുനോക്കുന്നില്ല. കൊയ്ത നെല്ല് കനത്ത മഴയില്‍ നശിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. നീര്‍ക്കുന്നം കിഴക്ക് നാലുപാടത്തെ കര്‍ഷകരാണ് മില്ലുടമകളുടെ നിസഹകരണം മൂലം ദുരിതത്തിലായത്. നാനൂറിലധികം ഏക്കറുള്ള ഇവിടെ നാനൂറോളം കര്‍ഷകരുടെ മാസങ്ങളായുള്ള അധ്വാനമാണ് പാഴായത്.
ഒരാഴ്ച മുന്‍പ് കൊയ്‌ത്ത് പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ യന്ത്രത്തിന് മണിക്കൂറില്‍ 1900 രൂപയായിരുന്നത് ഇത്തവണ 2200 രൂപയായി ഉയര്‍ന്നു. പ്രതികൂല കാലാവസ്ഥയെ നേരിട്ട് മികച്ച വിളവുല്‍പ്പാദിപ്പിച്ചിട്ടും മില്ലുടമകള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. ഏക്കറിന് 25000 രൂപാ വരെ ചെലവിട്ടാണ് കൃഷി ചെയ്തത്. പുഞ്ചക്കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് രണ്ടാം കൃഷിയുടെ സംഭരണം പോലും പൂര്‍ത്തിയാകാത്തത്. തുലാവര്‍ഷം ശക്തമായാല്‍ കൊയ്ത ഈ നെല്ലെല്ലാം മഴയില്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകരെന്ന് ഇവര്‍ പറയുന്നു.
കൂടുതല്‍ കിഴിവ് ആവശ്യപ്പെടാനായാണ് മില്ലുകാര്‍ ഇപ്പോള്‍ നെല്ലെടുക്കാത്തതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. കൊയ്‌തെടുത്ത നെല്ല് പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്.
മഴ പെയ്ത് ഇവയെല്ലാം നശിച്ചാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: