കണ്ണൂര്‍: ശമ്പള കുടിശ്ശികപ്രശ്‌നമുന്നയിച്ചും ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ടും സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ പേരില്‍ സിപിഎം-സിഐടിയു പോര്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ചെയര്‍മാനായ കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനിലെ തൊഴിലാളികളാണ് 11 ദിവസമായി ഹാന്‍വീവിന്റെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ സമരം നടത്തി വരുന്നത്.
തൊഴിലാളികള്‍ അനിശ്ചിതമായി സമരം ആരംഭിച്ചിട്ടും സിപിഎം നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ സമരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രിയും വ്യവസായ മന്ത്രി ഇ.പി. ജയരാജനും മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ഹാന്‍വീവ് സമരം. പ്രശ്‌ന പരിഹാരം കാണേണ്ടവര്‍ തന്നെ സമരത്തിനും നേതൃത്വം നല്‍കുന്ന ഇരട്ടത്താപ്പാണ് സിപിഎം നടപ്പാക്കുന്നതെന്നാണ് സിഐടിയുവിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
കഴിഞ്ഞദിവസം ജെയിംസ് മാത്യു എംഎല്‍എ സമരത്തില്‍ നേരിട്ട് പങ്കെടുത്തതോടെയാണ് പോര് പരസ്യമായത്. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ ജെയിംസ് മാത്യു കെഎസ്എച്ച്ഡിസി എംപ്ലോയീസ് യൂനിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. അദ്ദേഹം സമര രംഗത്തെത്തിയതോടെ ഒരര്‍ത്ഥത്തില്‍ പാര്‍ട്ടി നേതൃത്വം സമരം ഹൈജാക്ക് ചെയ്യുകയാണെന്നാണ് തൊഴിലാളികളില്‍ ഒരു വിഭാഗം കണക്ക് കൂട്ടുന്നത്. മറ്റ് തൊഴിലാളി സംഘടനകള്‍ സമരം ഏറ്റെടുക്കുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് സിപിഎം നേരിട്ട് സമരത്തില്‍ ഇടപെട്ടത്.
സിഐടിയു നേതാവ് ചെയര്‍മാനായ സ്ഥാപനത്തിലെ സമരത്തില്‍ നേരിട്ടിടപെട്ടാലുണ്ടാകുന്ന സംഘടനാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് പാര്‍ട്ടി നേതൃത്വം സമരത്തോട് മുഖംതിരിഞ്ഞു നിന്നത്. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സമരത്തോട് സ്വീകരിച്ച നിലപാടില്‍ സമരക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പ് പ്രശ്‌നം പരിഹരിക്കാതെ സമരം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയി തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നത്. സമരത്തിന് പരിഹാരം കാണാതെ ചെയര്‍മാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതായാണ് കെ.പി. സഹദേവനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്. അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപാധികളില്ലാതെ, ഇത്രയം ദിവസം സമരം ചെയ്തതിന് ഒരു നേട്ടവുമില്ലാതെ ഇന്നലെ രാത്രിയോടെ സമരം നിര്‍ത്തിവെച്ചതായി സിഐടിയു നേതൃത്വം പ്രഖ്യാപിച്ചു. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ഇത്ര ദിവസം സമരം ചെയ്തുവെന്ന ചോദ്യം സിഐടിയു അംഗങ്ങള്‍ക്കിടയില്‍ നിന്നു തന്നെ ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക