പത്തനംതിട്ട : കൊറോണ നിയന്ത്രണങ്ങളെന്ന പേരില്‍ ശബരിമലയില്‍ ആചാര ലംഘനത്തിന് ശ്രമിക്കുന്നതായി ശബരിമല അയ്യപ്പ സേവാ സമാജം. നെയ്യഭിഷേകം, പമ്പാസ്നാനം എന്നിവയുള്‍പ്പടെയുള്ള ചടങ്ങുകളില്‍ മാറ്റം വരുത്തിയത് ആചാര ലംഘനങ്ങളിലേക്ക് വഴിവെയ്ക്കും.
ആചാര ലംഘനങ്ങളുണ്ടാക്കുന്ന തീര്‍ത്ഥയാത്ര ഭക്തര്‍ ഉപേക്ഷിക്കണം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണമെന്നും അയ്യപ്പ സേവാ സമാജം അറിയിച്ചു. അതേസമയം ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ കാണിക്കയിടാന്‍ മാത്രം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ല.
ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ ഈ മാസം 8ന് അയ്യപ്പ മഹാസംഗമം നടത്തുമെന്നും അയ്യപ്പസേവാ സമാജം അറിയിച്ചു. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോര്‍ഡും സര്‍ക്കാരും തീരുമാനം പുനപരിശോധിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടികള്‍ക്കെതിരെ പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്താനും അയ്യപ്പ സേവാ സമാജം തീരുമാനിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരന്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ തുടങ്ങിയവര്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: