തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടത്തും. ആദ്യ ഘട്ടം ഡിസംബര്‍ എട്ടിനും രണ്ടാം ഘട്ടം ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം ഡിസംബര്‍ 14ന് എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി.വി. ഭാസ്‌കര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.
കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇത്തവണ മൂന്ന് ഘട്ടങ്ങളാക്കി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ മൂന്നാം ഘട്ടത്തില്‍ ജനവിധി തേടും.
ഡിസംബര്‍ 16 ന് ഫലം പ്രഖ്യാപിക്കും. ഈമാസം 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19. പിന്‍വലിക്കാന്‍ ഉള്ള അവസാന തീയതി നവംബര്‍ 23.
1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. തെരഞ്ഞെടുപ്പ് 1199 സ്ഥാപനങ്ങളിലേക്കാണ് നടത്തുന്നത്. 941 ഗ്രാമ പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോര്‍പ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍
34744 പോളിങ് സ്റ്റേഷനുകളാണ് വോട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക. ഇതിന്റെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കും.
മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍11 ന് അവസാനിക്കും. ഡിസംബര്‍ 31 ന് മുന്‍പ് പുതിയ ഭരണ സമിതി നിലവില്‍ വരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഗ്രഹം. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വി.വി. ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: