ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ എല്‍.മുരുകന്, എച്ച്.രാജ, പൊന്‍ രാധാകൃഷ്ണന് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. നൂറോളം ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. തിരുവള്ളൂരില്‍ വച്ചാണ് പൊലീസ് യാത്ര തടഞ്ഞത്. രാവിലെ പൂനമല്ലിക്ക് സമീപത്തും പൊലീസ് യാത്ര തടഞ്ഞിരുന്നു.
നേരത്തേ, സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി തമിഴ്നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര തുടങ്ങിയിരുന്നു. ഇന്ന് മുതല്‍ ഡിസംബര്‍ ആറ് വരെ ആസൂത്രണം ചെയ്ത വെട്രി വേല് യാത്രയ്ക്ക് കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വേല് യാത്രയെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ബിജെപി വ്യക്തമാക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ എനിക്ക് അവകാശമുണ്ട്. ആരാധന നടത്തുക എന്നത് എന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് യാത്ര ആരംഭിക്കും മുന്‍പ് തമിഴ്നാട് അധ്യക്ഷന്‍ എല്‍. മുരുകന് പറഞ്ഞു.
യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പോലീസ് തടഞ്ഞുവെങ്കിലും, ആരാധന എന്ന മൗലിക അവകാശത്തെ ഹനിക്കരുതെന്ന് ബിജെപി നേതാക്കളുടെ താക്കീതില്‍ പോലീസ് പിന്മാറുകയും യാത്ര തുടരുകയും ചെയ്തു. വേല്‍യാത്ര സമാപനത്തില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പടെ ബിജെപി ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ പദ്ധതി. കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പുറമേ രജനി കാന്ത് അടക്കം സിനിമാ താരങ്ങളും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായി ഒരു മാസം നീണ്ടു നില്ക്കുന്ന വേല്‍യാത്രയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: