കൊല്ലം: പതിറ്റാണ്ടുകള്‍ നീണ്ട ദുരിതം നീങ്ങിയതിന്റെ ആശ്വാസം കൈവിട്ടുപോകുന്നതിന്റെ പകച്ചിലാണ് കുരീപ്പുഴ നിവാസികള്‍ക്ക്. ചണ്ടി ഡിപ്പോ വീണ്ടും തുറക്കുന്ന സാഹചര്യം വന്നാല്‍ ജീവന് പണയം വച്ചുള്ള പഴയകാല സമരപോരാട്ടങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സമരസമിതി.
തലസ്ഥാനത്തിന് വിളപ്പില്‍ശാലയും കൊച്ചിക്ക് ബ്രഹ്മപുരവും തൃശൂരിന് ലാലൂരും കോഴിക്കോടിന് ഞെളിയാന്‍പറമ്പും പോലെ കൊല്ലത്തിന്റെ മുഴുവന്‍ മാലിന്യവും ഏറ്റുവാങ്ങിയ ഭൂമി. വേദനയുടെ മഹാചരിത്രമുണ്ട് കുരീപ്പുഴയ്ക്ക്. അഷ്ടമുടിക്കായലില്‍ ദേശീയ ജലപാത രണ്ടായി മുറിച്ചുകടന്നുപോകുന്ന പ്രകൃതിരമണീയമായ കുരീപ്പുഴയില്‍, തെക്കുഭാഗത്ത് മാമൂട്ടില്‍കടവിലാണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. കൊല്ലം കോര്പ്പറേഷന് നിലവില്‍ വന്ന 2000 മുതലാണ് കുരീപ്പുഴക്കാരുടെ അഭിമാനത്തിലേക്ക് മാലിന്യക്കൂനകള്‍ ഇടതടവില്ലാതെ വീണുതുടങ്ങിയത്.
ചെറിയ അളവില്‍ തുടങ്ങി പ്രദേശത്തെയാകെ വിഴുങ്ങുംവിധം മലയോളം മാലിന്യമായപ്പോള്‍ പ്രതികരിക്കാതെ നിവൃത്തിയില്ലെന്ന ബോധ്യം പ്രദേശവാസികളില്‍ ശക്തമായി. വരുംതലമുറയ്ക്ക് വേണ്ടി കൂടിയായിരുന്നു പിന്നീട് പോരാട്ടം. ഫലമാകട്ടെ പത്തുവര്‍ഷം മുമ്പ് മാലിന്യം നിക്ഷേപിക്കുന്ന പ്രക്രിയ പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടിവന്നു കോര്പ്പറേഷന്. എട്ടുവര്‍ഷമായി ചണ്ടിഡിപ്പോ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇതിനായി അനുഭവിച്ച കഷ്ടതകള്‍ വിവരണാതീതമാണ്. 2010 ഡിസംബറില്‍ പ്രദേശവാസികള്‍ അംഗങ്ങളായ കുരീപ്പുഴ മനുഷ്യാവകാശ-പരിസ്ഥിതിസംരക്ഷണസമിതി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജും തുടര്‍ന്നുണ്ടായ കേസിലുംപെട്ട് 14 പേര് ജയിലില്‍ കഴിഞ്ഞത് മാസങ്ങളോളം. 36 കേസുകളാണ് നാട്ടുകാരെ പ്രതികളാക്കി പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ക്ഷേത്രങ്ങളുടെ വലിയ പട്ടികതന്നെയാണ് കുരീപ്പുഴയ്ക്ക് ചുറ്റുമുള്ളത്. ദേവീചൈതന്യം തുടിക്കുന്ന വട്ടമനക്കാവ് ദുര്‍ഗാദേവിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നാണ് മാലിന്യം കൂനയായത്. ഇതിനെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ സംഘടിതമായി ചോദ്യം ചെയ്തതോടെയാണ് കൊല്ലം കോര്പ്പറേഷന് പോലെ കരുത്താര്‍ന്ന ഒരു സംവിധാനത്തോട് പൊരുതാനുള്ള ഊര്‍ജം കൈവന്നത്. കോര്പ്പറേഷന് നിലവില്‍ വന്ന കാലംമുതല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഭരണസംവിധാനം. എന്നാല്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സമൂഹം അതിനെ ചോദ്യം ചെയ്യാന്‍ രംഗത്തിറങ്ങിയപ്പോള്‍ എതിരാളികളുടെ കരുത്തൊന്നും വിലവച്ചില്ല.
…………
ഇന്നിവിടെ ശുദ്ധവായുവുണ്ട്, കിണറുകളില്‍ ശുദ്ധജലമുണ്ട്. ഞങ്ങളും കോര്‍പ്പറേഷനിലെ പൗരന്മാര് തന്നെയല്ലേ. കഴിഞ്ഞ എട്ടുവര്‍ഷമായി നല്ല അന്തരീക്ഷത്തിലാണ് ജീവിതം. ചണ്ടിഡിപ്പോയെന്ന ശാപം കോര്പ്പറേഷന് ദയവായി ഇവിടെ നിന്നും ഒഴിവാക്കി തരണം. ഇനിയും ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കരുത്.
ബഷീര്‍, പ്രദേശവാസി
സമരസമിതിയെ അധിക്ഷേപിക്കാനും ഇകഴ്ത്താനുമുള്ള ഭരണകൂട നീക്കം വിലപ്പോകില്ല. ഇനിയിവിടെ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ല. പ്രദേശത്ത് മനുഷ്യരായി ജീവിക്കാനുള്ള അവസരമാണ് ഒരുക്കിത്തരേണ്ടത്. നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നറിഞ്ഞുതന്നെയാണ് മുമ്പും സമരം ചെയ്തിട്ടുള്ളത്. മാലിന്യനിക്ഷേപത്തിനുള്ള ശ്രമം ഇനിയുണ്ടായാലും ചെറുക്കും. അതല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ വേറെ മാര്‍ഗമില്ല.
സന്തോഷ് മണലില്‍, സമരസമിതി കണ്‍വീനര്‍
കോര്പ്പറേഷന് നിലവില്‍ വരുംമുമ്പ് പ്രദേശത്ത് നിരവധി വീടുകളുണ്ടായിരുന്നു. മിക്കവരും ദുര്‍ഗന്ധം സഹിക്കാത്തതുകാരണം വീടും സ്ഥലവും കൈമാറി പോയതാണ്. അളവില്ലാത്ത മാലിന്യം രാപകല്‍ വ്യത്യാസമില്ലാതെ മാമൂട്ടില്‍കടവില്‍ തള്ളുമ്പോള്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. അതൊടുവില്‍ വന്‍പ്രക്ഷോഭത്തിലേക്ക് നീങ്ങി. ഇപ്പോഴും എങ്ങനെ ചണ്ടിഡിപ്പോ പ്രവര്‍ത്തനക്ഷമമാക്കാമെന്നാണ് കോര്‍പ്പറേഷന്റെ ചിന്ത.
ആര്.രാധാകൃഷ്ണന്, പ്രദേശവാസി
പ്രതികരിക്കാൻ ഇവിടെ എഴുതുക: