കൊല്ലം: പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിക്കുന്നതടക്കമുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മാതൃയാനം പദ്ധതിയുടെ മറവില്‍ ജില്ലയില്‍ വന്‍ക്രമക്കേട്. ജില്ലയിലെ ഏഴ് താലൂക്കാശുപത്രികളിലും ജില്ലാ ആസ്ഥാനത്തെ വിക്ടോറിയാ ആശുപത്രിയിലും നടക്കുന്ന വെട്ടിപ്പിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമടക്കം നിരവധി പരാതികള്‍ നല്‍കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സിപിഎം ജില്ലാ നേതൃത്വത്തിലെ ചില ഉന്നതരുടെ പിന്‍ബലത്തിലാണ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരായ (എല്ആര്എച്ച്എം) ഈ സംഘം പകല്‍ക്കൊള്ള നടത്തുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. വെട്ടിപ്പിന്റെ സൂത്രധാരകരായ ഈ താത്കാലിക ജീവനക്കാരെ ആശുപത്രി സൂപ്രണ്ടിനെക്കള് ഉയര്‍ന്ന സ്ഥാനവും സൗകര്യങ്ങളും നല്‍കിയാണ് പല ആശുപത്രികളിലും സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ അറിവോടെ നിയമിച്ചിട്ടുള്ളത്.
അടുത്തിടെ ഈത്തരം വെട്ടിപ്പ് കൈയോടെ പിടികൂടിയ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സിപിഎം നേതൃത്വം ഇടപെട്ട് കേസ് ഒതുക്കാനുള്ള തീവ്രശ്രമം നടത്തുന്നതായാണ് വിവരം. വിജിലന്‍സ് ഡയറക്ടര്‍ക്ക് അടക്കം ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. ഈ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയായ പിആര്‍ഒക്ക് സ്വന്തമായി ക്യാബിന് അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയാണ് നിയമിച്ചിട്ടുള്ളത്. താത്കാലിക ജീവനക്കാരിയായ ഇവര്‍ അഞ്ചുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. മെഡിക്കല്‍ കോര്പ്പറേഷന് ജനറല്‍ മാനേജരാണ് ഇവരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
മാതൃയാനം പദ്ധതിയുടെ മറവില്‍ ഇവര്‍ നടത്തിയിട്ടുള്ള പതിനായിരങ്ങളുടെ വെട്ടിപ്പാണ് ഇപ്പോള്‍ തെളിവുസഹിതം പുറത്തു വന്നതും കൈയോടെ പിടികൂടിയതും. പദ്ധതിപ്രകാരം പ്രസവശേഷം വീട്ടില്‍ പോകുന്ന അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ ചെലവില്‍ കാറിലാണ് വീട്ടിലെത്തിക്കേണ്ടത്. ഇവരുടെ മൊബൈല്‍ ഫോണിലെ മാതൃയാനം ആപ്പ് വഴി നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല് ടാക്സി കാറുകള്‍ ഉണ്ട്. അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആകുമ്പോള്‍ ഈ ആപ്പ് വഴി ടാക്സി വിളിച്ചുവരുത്തി ഈ വാഹനത്തില്‍ സൗജന്യമായി വീട്ടില്‍ എത്തിക്കും. ഈ ആശുപത്രിയില്‍ ആപ്പ് വഴിയുള്ള പദ്ധതി കൃത്യമായി നടപ്പാക്കുന്നുണ്ടങ്കിലും ഒരമ്മയും കുഞ്ഞും പോലും സൗജന്യമായി ടാക്സിയില്‍ പോയിട്ടില്ലെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് വിശദമായ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഇവരെല്ലാം സ്വന്തം കാറിലും ആട്ടോറിക്ഷയിലുമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി പോയത്. വെട്ടിപ്പിന്റെ തുടക്കം ഇവിടെ നിന്നാണ്.
പിആര്‍ഒ ആകട്ടെ കരാര്‍ എടുത്ത ടാക്സിക്കാരില്‍ നിന്നും ട്രിപ്പ് ഷീറ്റും ക്ലെയിമും വ്യാജമായി തരപ്പെടുത്തി സാക്ഷ്യപത്രവും ഒപ്പിട്ട് വാങ്ങി ആശുപത്രിയില്‍ സമര്‍പ്പിക്കും. ആശുപത്രിയില്‍ നിന്നും ടാക്സിക്കൂലി വാഹന ഉടമയുടെ അക്കൗണ്ടില്‍ എത്തും. തുടര്‍ന്ന് ഈ തുക ഭാഗം വച്ച് പിആര്‍ഒക്ക് നല്‍കും. ഇത്തരത്തില്‍ മുന്നേകാല്‍ ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ് ഇതിനകം കണ്ടുപിടിച്ചത്. ഇത്രയും ഗുരുതരമായ സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള ക്രിമിനല്‍ കുറ്റം കൈയോടെ പിടികൂടിയിട്ടും ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നത് ദുരൂഹമാണ്. സിപിഎം ജില്ലാ നേതാവായ കരുനാഗപ്പള്ളിയിലെ ഒരു ജനപ്രതിനിധി ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തതായാണ് അറിയുന്നത്.
ആശുപത്രിയില്‍ ഈ പിആര്‍ഒയുടെ നേതൃത്വത്തില്‍ നടന്ന മറ്റൊരു തട്ടിപ്പും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആശുപത്രി കൗണ്ടറില്‍ ജോലി നോക്കുന്ന മറ്റ് രണ്ട് താത്കാലിക ജീവനക്കാര്‍ ഈ പിആര്‍ഒയുടെ നിയന്ത്രണത്തിലാണത്രേ. എല്ലാ ദിവസവും ഇരുപതിനായിരം രൂപ ആശുപത്രികൗണ്ടറില് നിന്നും നിര്‍ധന രോഗികള്‍ക്ക് ആശുപത്രിയിലില്ലാത്ത മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ നല്‍കാറുണ്ട്. ഈ ഫണ്ടില്‍ നിന്നും എണ്ണായിരം രൂപയിലധികം കുറവുവന്നതായി ലേ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ തുടക്കത്തില്‍ അച്ചടക്കനടപടി സ്വീകരിച്ചെങ്കിലും ഉന്നത ഇടപെടീലിനെ തുടര്‍ന്ന് ഈ രണ്ട് ജീവനക്കാരികള്ക്കുമെതിരെയുള്ള അന്വേഷണവും മരവിപ്പിച്ചിരിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: