അബുദാബി: ഐപിഎല്‍ എലിമിനേറ്ററില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സ് ഹൈദരാബദിനെ നേരിടും. അബുദാബിയിലെ ഷെക്ക് സയ്യദ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ഇന്ന് തോല്‍ക്കുന്ന ടീം ഐപിഎല്ലില്‍ നിന്ന് പുറത്താകും. ജയിക്കുന്ന ടീമിന് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം. ദല്‍ഹി- മുംബൈ ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമുമായി രണ്ടാം ക്വാളിഫയര്‍ കളിക്കാം. ലീഗിലെ അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ മൂന്നാം സ്ഥാനക്കാരായാണ് പ്ലേ ഓഫില്‍ കടന്നത്. അതേസമയം അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പത്ത് വിക്കറ്റിന് കീഴടക്കിയാണ് ഹൈദരാബാദ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചത്.
അവസാന മൂന്ന് മത്സരങ്ങളില്‍ മുന്‍നിരക്കാരായ മൂന്ന് ടീമുകളെ കീഴടക്കിയാണ് സണ്‍റൈസേഴ്സ് നാലാം സ്ഥാനത്തെത്തിയത്. വിജയത്തുടര്ച്ചയിലൂടെ 2016 സീസണിലെ കിരീട വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാര്‍ണറുടെ ടീം. എലിമിനേറ്റര്‍ ഘട്ടത്തില്‍ നിന്ന് ഐപിഎല്‍ കിരീടത്തിലേക്ക് ജയിച്ചുകയറിയ ഏക ടീമാണ് ഹൈദരാബാദ്. 2016 ലാണ് അവര്‍ ഈ നേട്ടം കൊയ്തത്.
ഈ സീസണിലെ ലീഗ് മത്സരങ്ങളില്‍ ഹൈദരാബാദും ബെംഗളൂരുവും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയം നേടി തുല്യത പാലിച്ചു. സെപ്തംബര്‍ 21 ന് ദുബായിയില്‍ നടന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് പത്ത് റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 31 ന് ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് പകരം വിട്ടി. അഞ്ചു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സിനെ കീഴടക്കി.
ഐപിഎല്ലില്‍ ഇതുവരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും പതിനഞ്ചു തവണ ഏറ്റുമുട്ടി. എട്ട് തവണയും സണ്‍റൈസേഴ്സാണ് വിജയിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ഏഴു മത്സരങ്ങളില്‍ വിജയിച്ചു.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഹൈദരാബാദ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എലിമിനേറ്റര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അവസാന മത്സരങ്ങളില്‍ തോറ്റ റോയല്‍ ചലഞ്ചേഴ്സിന് ഹൈദരാബാദിനെ കീഴടക്കാന്‍ ശക്തമായി പൊരുതേണ്ടിവരും.
ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ് എന്നിവരാണ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്ത്. ബൗളിങ്ങില്‍ ജേസണ്‍ ഹോള്‍ഡറും റഷീദ് ഖാനും സന്ദീപ് ശര്‍മയുമാണ് ശക്തികേന്ദ്രങ്ങള്‍.
ഈ സീസണില്‍ നാനൂറിലേറെ റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ദക്ഷിണാഫ്രിക്കയുടെ അടിപൊളി ബാറ്റ്സ്മാന് എ.ബി. ഡിവില്ലിയേഴ്സ് ,ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടങ്ങിയവരാണ് റോയല്‍ ചഞ്ചേഴ്സിന്റെ ബാറ്റിങ് കരുത്ത്.ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും മുഹമ്മദ് സിറാജുമാണ് അവരുടെ ബൗളിങ്ങിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: