ശ്ലോകം 251
മൃത്കാര്യം സകലം ഘടാദി സതതം
മൃണ്മാത്രമേവാഹിതം
തദ്വത് സജ്ജനിതം സദാത്മകമിദം
സന്മാത്രമേവാഖിലം
യസ്മാന്നാസ്തി സതഃ പരം കിമപി തത്
സത്യം സ ആത്മാ സ്വയം
തസ്മാത് തത്ത്വമസി പ്രശാന്തമമലം
ബ്രഹ്മാദ്വയം യത് പരം
മണ്ണില്‍ നിന്ന് ഉണ്ടായ മണ്പാത്രങ്ങളൊക്കെയും എപ്പോഴും മണ്ണ് തന്നെ. അതുപോലെ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായ ജഗത്ത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ നിന്ന് വേറെ മറ്റൊന്നും ഇല്ലെന്നിരിക്കെ പ്രശാന്തവും അമലവും അദ്വയവുമായ ആ സത്യ വസ്തുതന്നെ എന്റെ യഥാര്‍ഥ സ്വരൂപം തത്ത്വമസി.
മണ്ണുകൊണ്ടുണ്ടാക്കിയ എല്ലാ വസ്തുക്കളും മണ്ണ് തന്നെ. മണ്ണാകുന്ന കാരണത്തില്‍ നിന്ന് ഉണ്ടായ കാര്യങ്ങളാണ് മണ്‍പാത്രങ്ങള്‍. കുടം, കലം, ചട്ടി, കൂജ, കിണ്ണം, ലോട്ട, മൊന്ത തുടങ്ങി അവയുടെ ആകൃതിയും പേരും ഉപയോഗവുമെല്ലാം വേറെ വേറെയാണ്. പക്ഷേ എല്ലാറ്റിലും പൊതുവായിരിക്കുന്നത് മണ്ണ് മാത്രം. മണ്ണില്ലാതെ മണ്‍പാത്രങ്ങള്‍ക്ക് ഉണ്മയില്ല.
സ്വര്‍ണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങളെല്ലാം സ്വര്‍ണം തന്നെയാണ്.അത് വള, മാല, മോതിരം, തള എന്നിങ്ങനെ എന്ത് പേര് പറഞ്ഞാലും എല്ലാറ്റിലും സ്വര്‍ണം തന്നെയാണ്. മണ്പാത്രങ്ങളില് മണ്ണും സ്വര്‍ണാഭരണങ്ങളില്‍ സ്വര്‍ണവുമാണ് ഉപാദാനകാരണം.അത് പോലെ സത്തായ ശുദ്ധ ചൈതന്യത്തില്‍ നിന്ന് ഉണ്ടായവയെല്ലാം അത് തന്നെയായിരിക്കും. കര്‍തൃത്വ ഭോക്തൃത്വ അഭിമാനിയായ ജീവന2ും ജീവന്റെ അനുഭവമണ്ഡലമായ ജഗത്തും ബ്രഹ്മം തന്നെ തത്ത്വമസി ആ ബ്രഹ്മം നീ തന്നെയാണ്. സത്യ വസ്തുവായ ബ്രഹ്മം തന്നെയാണ് നിന്റെ യഥാര്‍ത്ഥ സ്വരൂപം.
ഛാന്ദോഗ്യോപനിഷത്തിലെ ആറാം അദ്ധ്യായത്തില്‍ ഉദ്ദാലക മുനി തന്റെ മകനായ ശ്വേതകേതുവിന് നല്കിയ ഉപദേശത്തെ ഇവിടെ കാണിക്കുന്നു. മണ്ണിന്റെ വികാരങ്ങളൊക്കെ മൂന്ന് കാലങ്ങളിലും മണ്ണ് തന്നെ. മേലെയും താഴെയും അകത്തും ചുറ്റിലും മണ്ണ് തന്നെ. അത് പോലെ സത്തില്‍ നിന്ന് ഉണ്ടായതും ഉള്ളതായി കാണപ്പെടുന്നതുമായ ഈ വിശ്വം സത്ത് മാത്രമാണ്. ഈ പ്രപഞ്ചം മുഴുവനും സത്തില്‍ നിന്ന് ഉണ്ടായതിനാലാണ് കുടം ഉണ്ട്, വടി ഉണ്ട് എന്നിങ്ങനെ ഉണ്ട് ഉണ്ട് എന്ന് പറയുന്നത്. ഉപാദാനമായ സത്താണ് എല്ലാറ്റിനും ഉണ്മയെ കൊടുക്കുന്നത്. ഇക്കാണുന്ന എല്ലാം. സത്തില്‍ നിന്നു ഉണ്ടായി അതില്‍ തന്നെ നിലനിന്ന് അതിലേക്ക് ലയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: