വിശ്വാമിത്രമഹര്‍ഷി തന്റെ ദക്ഷിണവാങ്ങാനായി വന്നതാണ്. ഹരിശ്ചന്ദ്രന് നേരത്തേ തരാമെന്നേറ്റ ദക്ഷിണ ഉടന്‍ വേണം. പറഞ്ഞ സമയപരിധി തീരാറായി.
‘യാത്വയോക്താ പുരാരാജന്‍ രാജസൂയസ്യ ദക്ഷിണാ
താം ദദസ്വ മഹാബാഹോ യദിസത്യം പുരസ്കൃതം’
അങ്ങ് രാജാവായിരുന്നപ്പോള്‍ സത്യം ചെയ്തതനുസരിച്ചുള്ള ദക്ഷിണ ഉടന്‍ നല്കിയാലും. വിശ്വാമിത്ര മഹര്‍ഷിയുടെ ചോദ്യത്തിനു മുമ്പില്‍ വിഷമം തോന്നിയെങ്കിലും ഹരിശ്ചന്ദ്രന് ദക്ഷിണ വച്ചു നീട്ടി. ഇത് അങ്ങ് സ്വീകരിച്ചാലും.
പക്ഷേ വിശ്വാമിത്രന് സംശയം. ഈ ധനം അങ്ങേയ്ക്ക് എങ്ങനെയാണ് ലഭിച്ചത് ‘കുതോ ലബ്ധമിദം ദ്രവ്യം?’.
ഹേ, മുനീശ്വരാ ഈ ധനം എങ്ങനെ ലഭ്യമായി എന്ന് അങ്ങ് അറിയുന്നതെന്തിനാണ്? അത് കേട്ടാല്‍ ഒരു പക്ഷേ അങ്ങേയ്ക്കും ദുഃഖമുണ്ടായേക്കും’. കണ്ണീരോടെയാണ് ഹരിശ്ചന്ദ്രന് പറഞ്ഞു നിര്‍ത്തിയത്. ശുദ്ധമായ ധനമാണോ ഇത് എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ. ദുഷ്കര്‍മത്തിലൂടെ സമ്പാദിച്ച ധനം ഞാന്‍ ദക്ഷിണയായി സ്വീകരിച്ചാല്‍ ആ പാപത്തിന്റെ പങ്ക് എനിക്കും ബാധിക്കും. അതുകൊണ്ട് ദ്രവ്യം എങ്ങനെ ലഭിച്ചതാണെന്ന് എന്നോട് പറഞ്ഞാലും.
ഈ പണം ഞാനെന്റെ ഭാര്യയേയും മകനേയും വിറ്റ് സമ്പാദിച്ചതാണ്.പണം പാപപങ്കിലമാണെന്ന് മഹര്‍ഷിക്ക് വ്യക്തമായി. ഈ പണം ദക്ഷിണയായി സ്വീകരിച്ചാല്‍ ആ പാപപ്രായശ്ചിത്തം ചെയ്യേണ്ടി വരും എന്ന് മഹര്‍ഷിക്കറിയാം. ഏതായാലും ഈ ദക്ഷിണ വളരെക്കുറവാണ്. രാജ്യദാനത്തിന് യോജിച്ചവിധമാണ് ദക്ഷിണ വേണ്ടത്.
വേണ്ട, ശപിക്കേണ്ട, പൊറുത്താലും. ഞാന്‍ അങ്ങയുടെ ദക്ഷിണ കഴിവതും വേഗം തന്നെ തരാം. കുറച്ചുകൂടി സമയം അനുവദിച്ചാലും. ഹരിശ്ചന്ദ്രന് അപേക്ഷിച്ചു.
ഏതായാലും ഒരു യാമം സമയം കൂടി ഞാന്‍ അനുവദിക്കാം. അതിനുള്ളില്‍ ദക്ഷിണ തന്നു പൂര്‍ത്തിയാക്കൂ. ഈ നിര്‍ദേശത്തോടെ വിശ്വാമിത്രന് യാത്രയായി.
ഹരിശ്ചന്ദ്രന് പെരുവഴിയില്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ആര്‍ക്കെങ്കിലും ദാസന്മാരെ വേണമോ? ഞാന്‍ എന്നെത്തന്നെ വില്ക്കാന് തയ്യാറായി നല്‍ക്കയാണ്. ഹരിശ്ചന്ദ്രന്റെ പ്രഖ്യാപനം കേട്ട് ചണ്ഡാളരൂപത്തില്‍ ഒരാള്‍ അവിടെയെത്തി. വേഷവും രൂക്ഷഗന്ധവും അറപ്പുളവാക്കുന്നതാണ്.
എനിക്ക് ഒരു ദാസനെ ആവശ്യമുള്ള സമയമാണ്. എന്തു വിലയ്ക്കാണ് നിങ്ങള്‍ നിങ്ങളെ വില്ക്കാന് ഉദ്ദേശിക്കുന്നത്? വേഷം കണ്ടിട്ടുതന്നെ തന്നെ വെറുപ്പ് ഉളവാകുന്നു. ഈ വ്യക്തിയുടെ വാല്യക്കാരനായി ഞാന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ? തന്നെ വിലയ്ക്കു വാങ്ങാന്‍ വന്ന വ്യക്തി ആരാണെന്നറിയാന്‍ ഹരിശ്ചന്ദ്രന് താല്പര്യം പ്രകടിപ്പിച്ചു.
ഞാന്‍ പ്രവീരന്‍ എന്ന ചണ്ഡാളനാണ്. ഞാന്‍ നടത്തുന്ന ശ്മശാനത്തില്‍ കാവല്‍ക്കാരനായി ഒരാളെ ആവശ്യമുണ്ട്. ഞാന്‍ നിന്നെ എന്റെ ദാസനായി വിലയ്ക്കു വാങ്ങുന്നു. ഹരിശ്ചന്ദ്രന്: ബ്രാഹ്മണരോ ക്ഷത്രിയരോ ആരെങ്കിലുമെന്നെ വാങ്ങുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
പ്രവീരന്‍: ഇക്കാര്യം നേരത്തേ പറഞ്ഞില്ലലോ? സത്യനിഷ്ഠനാണെങ്കില്‍ പറഞ്ഞ വാക്കില്‍ ഉറപ്പുണ്ടാകണം. നീ പ്രഖ്യാപിച്ചതനുസരിച്ചാണ് ഞാന്‍ നിന്നെ വിലയ്ക്കു വാങ്ങുന്നത്. ധനം ഞാന്‍ നല്‍കാം.ഇവര്‍ തമ്മില്‍ ഇങ്ങനെ സംസാരം തുടരുന്നതിനിടയിലാണ് വിശ്വാമിത്ര മഹര്‍ഷി വീണ്ടും വരുന്നത്. മഹര്‍ഷി കാര്യമന്വേഷിച്ചു.
ചണ്ഡാളന്റെ ദാസനാകാനുള്ള വൈഷമ്യം ഹരിശ്ചന്ദ്രന് വ്യക്തമാക്കിയപ്പോള്‍ വിശ്വാമിത്രന് കോപിച്ചു. നീ ചണ്ഡാളദാസനാവുകയോ, ബ്രാഹ്മണ ഭൃത്യനാവുകയോ അതൊന്നും എനിക്ക് പ്രശ്നമല്ല. നീ പറയുന്ന ധനം നല്കാന് ഇയാള്‍ തയ്യാറാണ്. ഏതു വിധേനയായാലും എന്റെ ദക്ഷിണ എനിക്ക് വേഗം കിട്ടണം. അതിനു തയ്യാറായില്ലെങ്കില്‍ സത്യലംഘനത്തിന് നിന്നെ ഞാന്‍ ശപിക്കും.
ഹരിശ്ചന്ദ്രന് വിശ്വാമിത്രന്റെ കാലു പിടിച്ച് അപേക്ഷിച്ചു. ആര്‍ത്തനായ ഞാന്‍ അങ്ങയുടെ ഭക്തനുമാണല്ലോ. ഞാന്‍ ദീനനാണ്. ഹേ, മഹര്‍ഷേ, എന്നില്‍ പ്രസാദിച്ചാലും. ഞാന്‍ വേണമെങ്കില്‍ അങ്ങയുടെ ദാസനായി പ്രവര്‍ത്തിക്കാം. ചണ്ഡാളദാസനായി ശ്മശാനം കാവല്‍ക്കാരനാവുക സങ്കടകരമാണ്. അങ്ങ് എന്ത് ആജ്ഞാപിച്ചാലും അത് പാലിക്കുന്ന ദാസനാവാന്‍ ഞാന്‍ തയ്യാറാണ്. എന്നെ സ്വീകരിച്ച് എന്നെ കടത്തില്‍ നിന്ന് മുക്തനാക്കിയാലും. വിശ്വാമിത്രന് ശ്രദ്ധയോടെ ഹരിശ്ചന്ദ്രന്റെ നേരെ നോക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: