കുന്നത്തൂര്‍: ആനയടി എന്ന ഗ്രാമത്തിലുള്ളവര്‍ക്ക് നരസിംഹസ്വാമി ക്ഷേത്രം പോലെ തന്നെ പ്രാധാന്യപ്പെട്ടതായിരുന്നു പാലയ്‌ക്കത്തറ റാവു എന്ന കൊമ്പന്‍. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഗജമേള നടക്കുന്ന ശൂരനാട് വടക്ക് ആനയടി പഴയിടം നരസിംഹസ്വാമിയുടെ തിടമ്പേല്‍ക്കുന്ന പാലയ്‌ക്കത്തറ റാവു ചരിഞ്ഞു. ഏറെ പ്രിയപ്പെട്ട ആനയടിയുടെ മണ്ണില്‍ തന്നെ.
കരുനാഗപ്പള്ളി വടക്കുംതല സ്വദേശിയുടെ ആന കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആനയടിയിലുണ്ടായിരുന്നു. കുളിപ്പിക്കാനും മറ്റുമുള്ള സൗകര്യത്തിനായി പള്ളിക്കലാറിന്റെ സമീപത്തുള്ള ബന്ധുവീട്ടിലാണ് ആനയെ തളച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ ആന ചരിഞ്ഞു. 54 വയസുള്ള റാവുവിന് പ്രത്യേകിച്ച് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉടമ പറഞ്ഞു.
20 വര്‍ഷത്തിലേറെയായി നരസിംഹസ്വാമിയുടെ തിടമ്പേല്‍ക്കാന്‍ ഭാഗ്യം കിട്ടിയ റാവു ആനയടിക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു. തലപ്പൊക്കത്തിലും ആകാരഭംഗിയിലും പേരുകേട്ട കേരളത്തിലെ പ്രശസ്തരായ ഗജകേസരികള്‍ പങ്കെടുക്കുന്ന ആനയടി ഗജമേളയില്‍, ഭഗവാന്റെ തിടമ്പേറ്റി വയലിലേക്ക് റാവു വരുന്ന കാഴ്ച മനോഹരമാണ്. പിന്നെ എല്ലാരുടെയും ശ്രദ്ധ റാവുവിലായിരിക്കും. ഭഗവാന്റെ തിടമ്പ് ശിരസില്‍ കേറിയാല്‍ പിന്നെ റാവുവിന് പ്രത്യേക ഭംഗിയാണ്. ഭഗവാന്റെ തിടമ്പേല്‍ക്കാന്‍ ഇനി റാവു ഇല്ലെന്ന് വിശ്വസിക്കാന്‍ പോലും ആനയടിക്കാര്‍ക്കാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: