കൊല്ലം: ജനകീയ പ്രതിഷേധത്തിനിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ സര്‍വേ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്.
റവന്യൂ, കൊല്ലം കോര്പ്പറേഷന് അമൃത്, എഞ്ചിനീയറിംഗ്, വാട്ടര്‍ അതോറിട്ടി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചണ്ടിഡിപ്പോയും പരിസരപ്രദേശങ്ങളും അളന്ന് തിട്ടപ്പെടുത്തി സര്‍വേ നടത്തിയത്. പ്രദേശവാസികളുടെ പ്രതിഷേധം ഭയന്ന് കുരീപ്പുഴയില്‍ ഇന്നലെ രാവിലെ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലര്‍ച്ചെ അഞ്ചുമുതല്‍ വന്‍ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചത്. ചണ്ടി ഡിപ്പോയിലേക്കുള്ള റോഡ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന് പോലീസ് വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തുകയും പ്രദേശത്തുള്ള പ്രതിഷേധക്കാരുടെ വീടുകളില്‍ എത്തി പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് രാവിലെ പത്തോടെ ഉദ്യോഗസ്ഥര്‍ സര്‍വേ നടപടിക്ക് എത്തിയപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ മാറ്റിയത്. സര്‍വേ നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിഷേധക്കാര്‍ക്ക് ജാമ്യം അനുവദിച്ചത്. കൊല്ലം എസിപി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയത്. മനുഷ്യാവകാശ സമിതി സെക്രട്ടറി സന്തോഷ് മണലില്‍, അന്തകൃഷ്ണന്‍, സംഗീത, ബിന്ദു, മണികണ്ഠന്, സുരേഷ്, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം.
നിര്‍മാണവുമായി മുന്നോട്ട് പോകും: മേയര്‍
കുരീപ്പുഴയില്‍ മാലിന്യപ്ലാന്റ് നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന് മേയര്‍ ഹണി ബഞ്ചമിന്. കേന്ദ്രം അനുവദിച്ച തുക ഉപയോഗിച്ചാണ് കുരീപ്പുഴയില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിനായി 18 ഏക്കര്‍ ഭൂമിയില്‍ 5 ഏക്കറിലാണ് സ്വീവേജ്പ്ലാന്റ് സ്ഥാപിക്കുന്നത്. നിലവിലെ മാലിന്യങ്ങള്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് ബയോമൈനിംഗ് നടത്തി ഇവിടെ പാര്‍ക്കും സ്ഥാപിക്കും. ശാസ്ത്രീയമായ നിലയില്‍ മാലിന്യം സംസ്കരിക്കണമെന്ന കോടതിയുടെ ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്.
കുരീപ്പുഴയിലേത് ഭരണകൂട ഭീകരത: ബി.ബി. ഗോപകുമാര്‍
മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുരീപ്പുഴയില്‍ അരങ്ങേറിയത് ഭരണകൂട ഭീകരതയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍. പ്രദേശവാസികളെ വിശ്വാസത്തില്‍ എടുക്കാതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കോര്പ്പറേഷന് ഭരണം അവസാനിക്കുന്ന സമയത്ത് പദ്ധതി നടപ്പാക്കുന്നതിന് പിന്നില്‍ വന്‍അഴിമതിയുണ്ട്.
പുലര്‍ച്ചെ നിരോധനാജ്ഞ പ്രഖ്യാപിച്ച് നൂറുകണക്കിന് പോലീസുകാരെ ഇറക്കിയാണ് പ്രദേശത്ത് ഭീതി സൃഷ്ടിച്ചത്. പ്രദേശത്തെ വീടുകളില്‍ വരെ പോലീസ് എത്തിയാണ് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയത്. സ്ത്രീകളെ അടക്കം അറസ്റ്റുചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂട നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തിറങ്ങുമെന്നും കുരീപ്പുഴ ചണ്ടിഡിപ്പോ സന്ദര്‍ശിച്ച് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാംരാജ്, ശൈലേന്ദ്ര ബാബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സൂരജ് തിരുമുല്ലവാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: