തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചിലിനിടെ നാടകീയ രംഗങ്ങള്‍. വീടിനുള്ളിലുള്ള ബിനീഷിന്റെ ഭാര്യയെയും അവരുടെ അമ്മയെയും രണ്ടരവയസുള്ള കുട്ടിയെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് അത് നാടകീയ രംഗങ്ങളിലേക്ക് നീങ്ങിയത്.
എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വീട്ടിലെത്തി തെരച്ചില്‍ നടത്തിയശേഷം മഹ്സറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ എട്ടരയോടെ ബന്ധുക്കള്‍ വീടിനു മുന്നിലെത്തിയതോടെയാണ് ബിനീഷിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടെന്നും അവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെ അവിടേയ്ക്ക് മാധ്യമങ്ങള്‍ എത്തുകയും ബാലാവകാശ കമ്മിഷന് ഇടപെടുകയുമായിരുന്നു.
സ്ഥലത്തെത്തിയ ബാലാവകാശ കമ്മീഷന് കുഞ്ഞിനെ പുറത്തുവിടാന്‍ ആവശ്യപ്പെട്ടു. ഇദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബിനീഷിന്റെ ഭാര്യയേയും കുഞ്ഞിനേയും പുറത്തുവിടാന്‍ പിന്നീട് എന്‍ഫോഴ്സ്മെന്റ് അനുമതി നല്കി.
അതേസമയം ബന്ധുക്കളെ കാണാന്‍ താത്പ്പര്യമുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി നല്‍കിയതിനാലാണ് അനുമതി നിഷേധിച്ചത്. എന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വീട്ടില്‍ തെരച്ചിലിനെത്തിയ എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ മഹ്സറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചതോടെയാണ് പരിശോധനാ നടപടികള്‍ നീണ്ടതും നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്. മഹ്സറില്‍ ഒപ്പിടാതെ ബിനീഷിന്റെ ഭാര്യയ്ക്കു വീട്ടില്‍നിന്ന് പുറത്തുപോകാനാകില്ലെന്ന നിലപാടിലായിരുന്നു ഇഡി. രാത്രി മുഴുവന്‍ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടില്‍ തുടര്‍ന്നു. എന്നാല്‍ വീട്ടില്‍നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഇഡി കൊണ്ടുവച്ചതാണെന്നും മഹ്സറില്‍ ഒപ്പിടാനാകില്ലെന്നുമാണ് ബിനീഷിന്റെ ഭാര്യ പ്രതികരിച്ചത്.
തെരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ ഡെബിറ്റ് കാര്‍ഡടക്കം വീട്ടില്‍നിന്ന് കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ മരുതംകുഴിയിലുള്ള കോടിയേരിയെന്ന വീട്ടിലെത്തിയത്. ബന്ധുക്കള്‍ താക്കോല്‍ എത്തിച്ചാണ് ഇഡി തെരച്ചിലിനായി അകത്തേക്കു കയറിയത്. ആ സമയം മുതല്‍ ബിനീഷിന്റെ ഭാര്യയും അവരുടെ അമ്മയും കുട്ടിയും വീടിനുള്ളില്‍ തങ്ങിയതാണ്. സിആര്‍പിഎഫും കര്‍ണാടക പൊലീസും എന്‍ഫോഴ്സ്മെന്റിന് സുരക്ഷ ഒരുക്കാനായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: