കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരന്‍ മലയില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പോലീസ് മേധാവി. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, നിലവില്‍ ആരും കസ്റ്റഡിയില്‍ ഇല്ലെന്നും സംഭവം നടന്ന സ്ഥലത്ത് നിന്നും രക്ത സാമ്പിള്‍ പരിശോധിക്കുന്നുണ്ടെന്നും പോലീസ് മേധാവി അറിയിച്ചു.
മറ്റാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. സ്ത്രീകളാരും സംഘത്തില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഒമ്പതേകാലോട് കൂടിയാണ് പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ കുറിച്ച് അറിയിക്കാന്‍ സമീപ ജില്ലകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.18 അംഗങ്ങളാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തില്‍ ഉണ്ടായിരുന്നത്. വേല്‍മുരുകന്റെ പേരില്‍ ഏഴ് യുഎപിഎ കേസുകള്‍ വയനാട്ടില്‍ നിലവിലുണ്ട്.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്കാണ് അന്വേഷണ ചുമതല. മാവോയിസ്റ്റ് സംഘത്തിലെ ഭൂരിഭാഗം പേരുടെയും കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. വേല്‍മുരുകനാണ് ആയുധ പരിശീലനം നല്‍കിയ നേതാവ്. സ്ഥലത്ത് നിന്നും കണ്ടെത്തിയ രക്ത സാമ്പിളുകള്‍ പരിശോധിച്ച് വരികയാണ്. ഒഡീഷയിലും തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടന്നും എസ്പി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് വനത്തിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കാതിരുന്നതെന്നും അവര്‍ വിശദീകരിച്ചു. വേല്‍മുരുകനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് തമിഴ്‌നാട് പോലീസ് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തമിഴ്‌നാട് സംസ്ഥാനത്ത് തേനി സ്വദേശിയായ വേല്‍മുരുകന്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 2007ല്‍ നിയമ പഠനം പാതി വഴിയില്‍ നിര്‍ത്തി മുഴുവന്‍ സമയം സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ പല ജില്ലകളിലും മാവോയിസ്റ്റ് പിഎല്‍ജിഎ ആയി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘടനാ നേതാക്കളില്‍ സീനിയര്‍ ആണ് വേല്‍മുരുകന്‍. കേരളത്തിന് പുറത്തും പ്രവര്‍ത്തിച്ചിട്ടുള്ള മുരുകന്റെ പേരില്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകള്‍ നിലവിലുണ്ട്.
പതിനേഴാമത്തെ വയസ്സില്‍ ഒഡീഷ സംസ്ഥാനത്തെ കോരാപുട്ട് ജില്ലയിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കൊള്ളയടിച്ച കേസിലും ഇയാള്‍ പ്രധാന പ്രതിയാണ്. കേരളത്തില്‍ ഇയാള്‍ക്കെതിരെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 2 വീതം കേസുകളും നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ എടക്കരെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍വനത്തില്‍ വച്ച് ആയുധ പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ കേസുകളെല്ലാം യുഎപിഎ നിയമപ്രകാരം ഉള്ളതാണ്.മാനന്തവാടി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം കോമ്പിങ് നടത്തുന്നതിനിടെ ഒരുസംഘം പോലീസിനുനേരെ വെടി ഉതിര്‍ത്തു. പോലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവച്ചു. ഏറ്റുമുട്ടല്‍ അരമണിക്കൂറോളം നീണ്ടു. തുടര്‍ന്ന് മാവോ സംഘത്തിലെ ആളുകള്‍ കാടുകളിലേക്ക് ചിതറിയോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക