അടിമാലി: അടിമാലി ബസ് സ്റ്റാന്‍ഡിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ സ്വകാര്യ ബസുടമ മരിച്ചു. സംഭവം അരങ്ങേറിയത് നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെ ഹോട്ടലിന് മുന്നില്‍വെച്ച്. മേരിമാതാ ബസുടമ ബൈസണ്‍വാലി നടുവിലാംകുന്നേല്‍ ബോബന്‍ ജോര്‍ജ്ജാ(37)ണ് മരിച്ചത്.
പ്രതിയായ മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരന്‍ ഇരുമ്പുപാലം തെക്കേടത്ത് മനീഷിനെ(37) പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇയാളെ പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് പിന്‍ഭാഗത്ത് വച്ചായിരുന്നു സംഭവം. ബോബന്‍ ജോര്‍ജ്ജിനേയും മനീഷിനേയും ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബോബനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മനീഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.
മരിച്ച ബോബനും മനീഷും തമ്മില്‍ ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് അടിമാലി പോലീസ് നല്‍കുന്ന വിവരം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചുണ്ടായ വാക്ക് തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഇത് സംബന്ധിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു. മനീഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മൊഴി രേഖപ്പെടുത്തി മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വര്‍ഷങ്ങളായി അടിമാലി സ്റ്റാന്‍ഡിലും, പരിസരങ്ങളിലും ആവര്‍ത്തിയ്‌ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും, പോര്‍വിളികള്‍ക്കുമൊടുവിലാണ് പട്ടാപ്പകൽ യുവാവ് കൊലക്കത്തിക്കിരയായത്. കൊറോണ വ്യാപനംമൂലം യാത്രക്കാര്‍ പൊതുവെ കുറവായിരുന്നുവെങ്കിലും നിരവധി പേര്‍ ഈ കാഴ്ച കണ്ട് ഭയചകിതരായി ചിതറി മാറുകയായിരുന്നു.
മേഖലയില്‍ സ്വകാര്യ ബസ് ജീവനക്കാരും, ഓട്ടോറിക്ഷക്കാരും, കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയും, കണ്ടക്ടര്‍മാരെയും വാഹനം തടഞ്ഞ് നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരടക്കമുള്ളവര്‍ ക്രൂരമായി അക്രമിച്ച നിരവധി സംഭവങ്ങളും ഉണ്ട്.
സമീപകാലത്തും ഇത് തുടര്‍ന്ന് വരികയാണ്. കഴിഞ്ഞ വര്‍ഷം 10-ാം മൈലില്‍ ഓട്ടോറിക്ഷക്കാരനെ സ്വകാര്യ ബസുടമകളടക്കം മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഓട്ടോക്കാരും, സ്വകാര്യ ബസ് ജീവനക്കാരും അടിമാലിയില്‍ സംഘര്‍ഷമുണ്ടാക്കുകയും മിന്നല്‍ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു.
അക്രമസംഭവങ്ങള്‍ ഏകപക്ഷീയമായി ഉണ്ടാക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെതിരെ യൂണിയനുകളോ, അസോസിയേഷനോ മാതൃകാ പരമായി ഇതുവരെ ഇടപെടാത്തതാണ് പട്ടാപ്പകല്‍ കൊലവിളി നടത്താനും, അരുംകൊല നടത്താനുമുള്ള സാഹചര്യത്തിലെത്താന്‍ കാരണം. ബസ് സര്‍വ്വീസിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് ഈ കൊലപാതകത്തിനും കാരണമായത്.
ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായതായി പോലീസും പറയുന്നു. പ്രശ്‌നം പരിഹരിക്കാനായി വിളിച്ച് ചേര്‍ത്ത ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സംഭവം. അതേ സമയം കൊല്ലപ്പെട്ട യുവാവ് ബസ് ജീവനക്കാരനെ കുത്തുന്നതിന്റെ 54 സെക്കന്റോളം ദൈര്‍ഘ്യം വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. സമീപത്ത് നിന്നവര്‍ മാറി പോകുന്നതും പിന്നീട് ഒരു പോലീസുകാരന്‍ വന്ന് ഇരുവരേയും പിടിക്കുന്നതും.
കുത്തേറ്റ ബസുടമ മുറിവേറ്റ ഭാഗത്ത് പിടിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. റൂട്ടിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചെങ്കില്‍ മാത്രമേ ബസ് സ്റ്റാന്റിലും നടുറോഡിലും തമ്മില്‍ തല്ലുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂവെന്ന് യാത്രക്കാരും പറയുന്നു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള പ്രവണതകള്‍ സര്‍വ്വ സാധാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: