Categories: Kerala

ബിനീഷിന്റെ വീട്ടില്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ്; മഹ്‌സറില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യ

Published by

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചിലിന് ശേഷം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. എന്‍ഫോഴ്‌സ്‌മെന്റ് സിആര്‍പിഎഫ് അംഗങ്ങള്‍ തെരച്ചില്‍ നടത്തി കണ്ടെത്തിയ രേഖകള്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിനീഷിന്റെ ഭാര്യ അത് വിസമ്മതിക്കുകയായിരുന്നു.  

തെരച്ചില്‍ നടത്തി വീട്ടുകാരെക്കൊണ്ട് മഹ്‌സര്‍ എഴുതി വാങ്ങണമെന്നതാണ് ചട്ടം. എന്നാല്‍ ബിനീഷിന്റെ വീട്ടുകാര്‍ ഇത് വിസമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പരിശോധനയ്‌ക്ക് എത്തിയ സംഘം രാത്രി ഒമ്പത് മണിയോടെ തെരച്ചില്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മഹസറില്‍ ഒപ്പുവെയ്‌ക്കാന്‍ ബിനീഷിന്റെ ബന്ധുക്കള്‍ വിസമ്മതിച്ചതോടെ വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനായിട്ടില്ല.  

ബെംഗളൂരു മയക്കു മരുന്ന് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ഇടപാടുകള്‍ ശരിവെയ്‌ക്കുന്ന ചില രേഖകള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സമ്മതിച്ച് നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായിട്ടില്ല. പരിശോധനയ്‌ക്ക് എത്തിയ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കൊണ്ടു വന്ന രേഖകളാണ് ഇവയെല്ലാമെന്നാണ് വീട്ടുകാരുടെ വാദം.

തുടര്‍ന്ന് ഇവരുടെ അഭിഭാഷകനെത്തി ബിനീഷിന്റെ ഭാര്യയുടെ അച്ഛനുമായി സംസാരിച്ചു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടുവന്നതാണ്. ഇത് മഹസര്‍ രേഖകളില്‍ ചേര്‍ത്തെന്നും അതു കൊണ്ടാണ് ബന്ധുക്കള്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അഭിഭാഷകന്‍ അറിയിച്ചു. കൂടാതെ പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്നും ആരോപിച്ചു. ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

സായുധ സിആര്‍പിഎഫ് ഭടന്മാരുടെയും കര്‍ണാടക റിസര്‍വ് പോലീസിന്റെയും അകമ്പടിയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തിയത്. ഏഴിടത്തും രാവിലെ 9 ന് ഒരേസമയം ഉദ്യോഗസ്ഥരെത്തി. ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍ നിന്നു രാത്രി വൈകിയാണ് സംഘം മടങ്ങിയത്. തലസ്ഥാനത്തു ബാക്കി അഞ്ചിടത്തും രാത്രി ഏഴിനും കണ്ണൂരില്‍ രാത്രി ഒന്‍പതിനും റെയ്ഡ് പൂര്‍ത്തിയായിരുന്നു.

അതേസമയം ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി. ബിനീഷിന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതില്‍ ചിലര്‍ ഇന്ന് ഹാജരാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക