ഇരിട്ടി : ആറളം ഫാമിനകത്ത് തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ തുരത്തി കാട്ടിലേക്ക് വിടാനുള്ള ശ്രമത്തിനിടെ കാട്ടാനകൾ വനപാലകരെ തുരത്തി ഓടിച്ചു. അറിയാതെ ആനക്ക് മുന്നിൽ പെട്ട വനപാലക സംഘം ഓടി രക്ഷപെട്ടതിനാൽ വൻ അപകടം ഒഴിവായി.
ആയിരക്കണക്കിന് ഏക്കർ വരുന്ന ആറളം ഫാമിന്റെ ഏക്കറുകൾ വരുന്ന മേഖലകൾ ഇപ്പോൾ വനം പോലെ വളർന്നു കിടക്കുന്ന പൊന്തക്കാടുകളാണ്. ഇവക്കിടയിൽ എത്ര ആനകൾ നിന്നാലും എളുപ്പം ആർക്കും കണ്ടുപിടിക്കാനാവില്ല. അതുകൊണ്ടുതന്നെ അക്രമകാരികളായ കാട്ടാനകളെ തുരത്തി വിടുക എന്നതും വനപാലകർക്ക് അപകടം പിടിച്ച ഒരു സാഹസ പ്രവർത്തിയാണ്.
കഴിഞ്ഞ ദിവസം ഫാം പുനരധിവാസ മേഖലയിലെ 18 കാരനായ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതിനെത്തുടർന്ന് നടന്ന പ്രതിഷേധത്തിനൊടുവിൽ ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ മുഴുവൻ കാട്ടിലേക്ക് തുരത്തിവിടുമെന്ന് അധികൃതർ പ്രതിഷേധിച്ചവർക്ക് ഉറപ്പ് കൊടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌ന, ഡെപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആനകളെ കാട്ടിലേക്ക് തുരത്തി വിടാനുള്ള നടപടി ആരംഭിച്ചത്. ബുധനാഴ്ച രാവിലെ കാട്ടാനകളെ തിരഞ്ഞെത്തിയ വനപാലക സംഘമാണ് വളർന്നു നിൽക്കുന്ന കാടുകൾക്കിടയിൽ നിൽക്കുകയായിരുന്ന കൊമ്പനാനയുടെ മുന്നിൽ പെട്ടത്. എന്നാൽ അക്രമാസക്തമായി മുന്നോട്ട് കുതിച്ച കാട്ടാനയുടെ മുന്നിൽ നിന്നും അതിസമർത്ഥമായി ഓടിമാറിഇതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അതേസമയം കാടുപിടിച്ചു കിടക്കുന്ന ആറളം ഫാമിലെ കാട് മുഴുവൻ വെട്ടിത്തെളിക്കാതെ ഇതിനകത്ത് തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ ഇവിടെ നിന്നും തുറത്തിവിടുക അതി സാഹസം തന്നെയാണെന്നാണ് വനപാലകരും പറയുന്നത്. ഇരുപതോളം ആനകൾ ഫാമിനകത്ത് നിലയുറപ്പിച്ചിട്ടുള്ളതായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: