പെരുന്ന: ശബരിമല ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ്. ഒരു ദിവസം ആയിരം ഭക്തര്‍ക്ക് മാത്രം ശബരിമല ദര്‍ശനം എന്ന് നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഈ മഹാക്ഷേത്രത്തിലെ വരുമാനമാണ് ബോര്‍ഡിന്റെ കീഴിലുള്ള ആയിരത്തില്‍പരം ക്ഷേത്രങ്ങളെയും ആറായിരത്തില്പരം വരുന്ന ജീവനക്കാരെയും നിലനിര്‍ത്തുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പേരില്‍ വളരെയധികം നിയന്ത്രണങ്ങളാണ് തീര്‍ത്ഥാടനത്തിന്റെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനത്തിന്റെ പേരില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് മുന്‍വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം താറുമാറാക്കിയ കാര്യം ഏവര്‍ക്കും അറിയാം. അതുമൂലം കോടിക്കണക്കിനുരൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്.
അതില്‍നിന്നു കരകയറുവാന്‍ ബോര്‍ഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനു പുറമേയാണ് കോവിഡിന്റെ പേരിലുള്ള ഇപ്പോഴത്തെ നിയന്ത്രണം. 2018 വരെ ഓരോ തീര്‍ത്ഥാടനകാലത്തും പ്രതിദിനം കുറഞ്ഞത് അമ്പതിനായിരം തീര്‍ത്ഥാടകര്‍ എത്തിയിരുന്നശബരിമലയില് ഈ വര്‍ഷം പ്രതിദിനം ആയിരംപേരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. മുമ്പ് മണ്ഡലപൂജയ്ക്കും മകരവിളക്കിനും ദിവസേന ഒരു ലക്ഷത്തോളം പേര് എത്തിച്ചേര്‍ന്നിരുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസേന ആയിരംപേരെമാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍തീരുമാനം. അതും വെര്‍ച്വല്‍ക്യൂ വഴി ബുക്കുചെയ്യുന്നവര്‍ക്ക് മാത്രം. നെയ്യഭിഷേകത്തിനും ആചാരപരമായ മറ്റുവഴിപാടുകള്ക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്. പമ്പയില്‍ കുളിച്ച് ശുദ്ധിയോടെ മലകയറി അയ്യപ്പദര്‍ശനത്തിനുശേഷം നെയ്യഭിഷേകം നടത്തുക എന്നുള്ളതാണ് ആചാരപരമായും വിശ്വാസപരമായും ഏതു ഭക്തനും ആഗ്രഹിക്കുന്നത്നെയ്യഭിഷേകം ചെയ്തില്ലെങ്കില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയായതായി ഒരു അയ്യപ്പഭക്തനും കരുതാനാവില്ല. നെയ്യഭിഷേകവും മറ്റു വഴിപാടുകളും നടത്താന്‍ അവസരം നിഷേധിക്കുന്നത് ഭക്തരോടു കാണിക്കുന്ന വിവേചനമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
കൊറോണ രോഗമില്ലാത്തവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു എന്ന നിബന്ധനയുള്ളപ്പോള്തീര്ത്ഥാടകരുടെ എണ്ണത്തിലും മറ്റു കാര്യങ്ങളിലുമുള്ള ഇത്തരം നിയന്ത്രണം എന്തിനാണെന്ന് അദേഹം ചോദിച്ചു. കൊറോണ കാലമായതിനാല്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അത് കൊറോണ രോഗികളല്ല എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട ശേഷം പ്രവേശിപ്പിക്കുന്ന തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാകരുത്. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന രീതിയില്‍ ആവണമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: