കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ചൊല്‍പ്പടിയിലാക്കാന്‍ ബിനീഷ് കോടിയേരിക്ക് തുണയായി അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്. മകന്റെ ചെയ്തിക്ക് അച്ഛനെന്തു പിഴച്ചുവെന്ന് നാഴികയ്ക്കു നാല്‍പ്പതുവട്ടം സിപിഎം നേതാക്കള്‍ ചോദിക്കുമ്പോഴാണ് ബിനീഷിന്റെ പല ആവശ്യങ്ങള്‍ക്കും കോടിയേരി വഴങ്ങുന്നുവെന്നു വ്യക്തമാകുന്നത്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹി തെരഞ്ഞെടുപ്പിലാണ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍. അതും കായികമേഖലയിലുള്ള സിപിഎം ഫ്രാക്ഷനെ അപ്പാടെ തള്ളിക്കളയുന്ന രീതിയില്‍. 12 ജില്ലകളിലാണ് ഈ വര്‍ഷം പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടത്. കൊവിഡ് കാരണം പലയിടത്തും തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. എന്നാല്‍, കഴിഞ്ഞ മാസം ഏഴിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ തൃശൂരില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് തീരുമാനിച്ച പാനല്‍ കോടിയേരിയുടെ ഇടപെടലില്‍ അവസാന നിമിഷം മാറിമറിഞ്ഞു. ഇതിനെതിരെ തൃശൂര്‍ ജില്ലാ സിപിഎമ്മില്‍ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റും പാര്‍ട്ടിയുടെ ജില്ലയിലെ ഒരു ബ്രാഞ്ച് കമ്മിറ്റിയംഗവുമായ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി ഇ.പി. ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്ക്കും ഇതേക്കുറിച്ച് പരാതി നല്കി. ഈ വെട്ടിനിരത്തലില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ എംഎല്‍എയുമായ ബാബു. എം. പാലിശേരിയുടെ ക്ലബ്ബിനും വോട്ടവകാശം നഷ്ടമായി. ബീനിഷ് പിന്തുണയ്ക്കുന്ന കെസിഎ നേതൃത്വത്തിന്റെ അറിവോടെയാണ് ജില്ലാ അസോസിയേഷന് പിടിക്കാന്‍ ഒരു വിഭാഗം ഈ നീക്കമെല്ലാം നടത്തുന്നതെന്നാണ് ആരോപണം. അതിനു നേതൃത്വം നല്‍കുന്നത് സിപിഎം അംഗമാണെന്നതും നേതൃത്വത്തെ പിടിച്ചുലയ്ക്കുന്നു. സംസ്ഥാനതലത്തില്‍ കായിക ഫ്രാക്ഷന്റെ ചുമതലയുള്ള ജില്ലക്കാരനായ നേതാവിനാകട്ടെ ഇതിലെല്ലാം വെറും കാഴ്ചക്കാരന്റെ റോള്‍ മാത്രം.
അസോസിയേഷന് ഭരണം പിടിക്കാന്‍ സെപ്തംബര്‍ 25, 30 തീയതികളിലാണ് സിപിഎം യോഗം വിളിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിയും കായിക ഫ്രാക്ഷന്റെ ജില്ലയിലെ ചുമതലയുള്ള മുന്‍ ഡിവൈഎഫ്ഐ നേതാവായ ജില്ലാ സെക്രട്ടേറിയറ്റംഗവും പങ്കെടുത്തു. അതുപ്രകാരം ഒരു പാനലും തയാറാക്കി. കെസിഎ പക്ഷത്തും എതിര്ചേരിയിലുമുള്ളവരെ ഉള്‍പ്പെടുത്തിയായിരുന്നു പാനല്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് കെസിഎ പക്ഷത്തുള്ള പാര്‍ട്ടി അംഗത്തെയും സെക്രട്ടറിയായി എതിര്‍ചേരിയിലുള്ള മുന്‍ പ്രസിഡന്റായ പാര്‍ട്ടി അംഗത്തെയും നിര്‍ദേശിച്ചു. ഇതനുസരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും അവസാന നിമിഷം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇതെല്ലാം അട്ടിമറിച്ചു. ഇക്കാര്യങ്ങള്‍ വിശദമായി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിട്ടുള്ളത്.
അതേസമയം, ഈ പാനലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് കെസിഎ ഭാരവാഹിത്വത്തിന് യോഗ്യതയില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മറ്റു കായിക സംഘടനാ ഭാരവാഹികള്‍ക്ക് കെസിഎ ഭാരവാഹിയാകാനാകില്ലെന്നാണ് ചട്ടം. എന്നാല്‍, ഇദ്ദേഹം മറ്റൊരു സംഘടനയിലെ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. ഈ ചട്ടം പറഞ്ഞാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എതിര്ചേരിക്കാരന്റെ നാമനിര്‍ദേശപത്രിക തള്ളിച്ചത്. അദ്ദേഹം മുന്‍പ് ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ബിനീഷിന്റെ സുഹൃത്തായ പയ്യന്നൂര്‍ സ്വദേശിയായിരുന്നു വരണാധികാരി.
പാര്‍ട്ടി തീരുമാനം അട്ടിമറിച്ചതു ചൂണ്ടിക്കാട്ടിയെങ്കിലും കാര്യമായി പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. കോടിയേരിയുടെ നിര്‍ദേശമനുസരിച്ചാണ് പാനലിലെ മാറ്റങ്ങളെന്നാണ് ജില്ലയിലെ ഫ്രാക്ഷന്റെ ചുമതലയുള്ള നേതാവ് പരാതി പറഞ്ഞവരോട് വ്യക്തമാക്കിയത്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അട്ടിമറിച്ചതില്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗവും അതൃപ്തനാണ്.
സി.എസ്. അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: