തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 2 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജയിലില്‍ നേരത്തേ 151 പേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ജയില്‍ ജീവനക്കാരും തടവുകാരുമടക്കം 53 പേരെയാണ് ഇന്നലെ പരിശോധിച്ചത്. ഇവരില്‍ ഒരു തടവുകാരന് പുറമേ ഒരു ജീവനക്കാരനും പോസിറ്റീവായി. മൊത്തം 138 തടവുകാരും 13 ജീവനക്കാരും കൊറോണ ബാധിച്ച് ജയിലില്‍ ചികിത്സയിലുണ്ട്.
ഇവരില്‍ 43 പേര് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ നെഗറ്റീവായി. കൊറോണ സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാന്‍ ജയിലില്‍ പ്രത്യേക ഐസോലേഷന് വാര്‍ഡ് തുറന്നിട്ടുണ്ട്. ഒരു ഡോക്ടറെയും രണ്ടു നഴ്സുമാരെയുമാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ആദ്യം രോഗം സ്ഥിരീകരിച്ചവരില്‍ 10 ദിവസം കഴിഞ്ഞവരെയാണ് ഘട്ടംഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും വരും ദിവസങ്ങളിലും ടെസ്റ്റ് തുടരുമെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
തടവുകാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജയിലില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധയനില്‍ തടവുകാര്‍ക്ക് പുറമേ ജയില്‍ ജീവനക്കാരടക്കം കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: