തൃശൂര്‍: കൊറോണയുടെ മറവില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. കൊറോണ സമൂഹ വ്യാപനം രൂക്ഷമായതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍.
നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പിന് താഴെ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധം വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ജില്ലയില്‍ നിരവധി പേര് ഇതിനകം ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഒഎല്‍എക്സ് സൈറ്റ് വഴിയും തട്ടിപ്പ് അരങ്ങേറുന്നുണ്ടെന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു ഉന്നത ഉദ്യോഗസ്ഥര്‍വരെ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇപ്പോള്‍ പോലീസ് രംഗത്തെത്തിയത്. സെക്കന്റ്് ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങാനും വില്ക്കാനുമുള്ള ഒഎല്‍എക്സ് സൈറ്റിലൂടെ നിരവധി തട്ടിപ്പ് നടന്നിട്ടുണ്ട്.
വിലക്കുറവിന്റെ ആകര്‍ഷണം കണ്ട് പലരും പരസ്യത്തില്‍ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടും. തുടര്‍ന്ന് ഇവര്‍ പറയുന്ന അക്കൗണ്ടിലേക്ക് അഡ്വാന്‍സ് തുക അയക്കുകയും ചെയ്യും. പിന്നീട് യാതൊരു വിവരവും ഇല്ലാതാകുമ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസിലാകുന്നത്. കേസിനു പിറകേ പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ പലരും പോലീസില്‍ പരാതിപ്പെടാന്‍ മടിക്കുന്നത് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് സഹായകമായി. വാട്സാപ്പ് സ്റ്റാറ്റസ് വഴി 500 രൂപവരെ ദിവസവും സമ്പാദിക്കാം എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഭാഗമായിട്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച് വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകള്‍ വഴി വ്യക്തിഗത വിവരങ്ങളും, ബാങ്കിങ് വിവരങ്ങളും നല്‍കുന്നതിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കും ഡേറ്റാ തട്ടിപ്പുകള്‍ക്കും ഇരയാക്കപ്പെടാമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഇത്തരം വ്യാജ ഓഫറുകള്‍ നല്കുന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ ഏതെങ്കിലും ഒരു കമ്പനിയുടെയോ, സാധനങ്ങളുടെയോ പരസ്യത്തിലേക്ക് എത്തിച്ചേരുകയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി തട്ടിപ്പുകാര്‍ക്ക് പണം ലഭിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും.
വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വ്യക്തിഗത, ബാങ്കിങ് വിവരങ്ങള്‍ പരസ്യപ്പെടുത്തി തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതിനു മുന്‍പ് ഇത്തരത്തിലുള്ള മെസ്സേജുകളുടെയും വെബ്സൈറ്റികളുടെയും ആധികാരികത ഉറപ്പുവരുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നാണ് പോലീസ് നല്കുന്ന അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: