കുന്നത്തൂര്‍: ഹൈവേ വികസനത്തിന്റെ പേരില്‍ കടപുഴ ഉപരിക്കുന്നിടിക്കുവാന് അധികൃതര്‍ നടത്തുന്ന നീക്കത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രകൃതിക്കൂട്ടായ്മ.
നിര്‍ദ്ദിഷ്ട സ്ഥലത്ത് ഹൈവേയോട് ചേര്‍ന്നുള്ള പുറമ്പോക്ക് വസ്തു ഇതേ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉപരികുന്നിനെ അതിന്റെ ജൈവവൈവിദ്ധ്യ -പാരിസ്ഥിതികത്തനിമകളോടെ സംരക്ഷിക്കണമെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഏകദേശം അമ്പതടിയോളം ഉയരമുള്ള കുന്നിന്റെ മുകളിലുള്ള വിതാനത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിനും അതുമായി ബന്ധപ്പെട്ട നിര്‍മിതികള്‍ക്കും അധികൃതരുടെ ഈ നടപടി ദോഷകരമാകും.
പരിസരപ്രദേശത്തിന്റെ സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ കുന്നിന്റെ പാരിസ്ഥിതിക മൂല്യങ്ങളെ സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും കൂട്ടായ്മ ഓര്‍മിപ്പിച്ചു.
കുന്നിന്റെ ചുവട്ടില്‍ നിന്നകറ്റി ഹൈവേ വികസനം നടക്കണം. കുന്നിന്റെ എതിര്‍വശത്തുള്ള പഴയ ടാര്‍ റോഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി റോഡിന്റെ വിസിബിലിറ്റി വര്‍ധിപ്പിക്കാന്‍ സഹായകമായ രീതിയില്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഹൈവേ വികസിപ്പിക്കുന്നതിനായി ഇപ്പോഴത്തെ അലൈന്മെന്റില് മാറ്റം വരുത്തണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂട്ടായ്മ വിപുലമായ പ്രതിഷേധപരിപടികള്ക്ക് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുന്നിടിക്കുന്നതിനെതിരെ കൂട്ടായ്മ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് കെ.വി. രാമാനുജന് തമ്പി, പി. സോമരാജന്നായര്, എ. ജമാലുദ്ദീന്‍ കുഞ്ഞ്, രേണു എസ്. കുമാര്‍, സി.ആര്. ശശിധരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: