പുനലൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനവും, സംസ്ക്കരണവും നിലച്ചതോടെ പ്രധാന പാതകളിലൂടെയും ഇടറോഡുകളിലൂടെയും മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ് ഇന്നുള്ളത്. മാലിന്യ മുക്ത പഞ്ചായത്ത്, നഗരസഭ എന്നിങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ഥലങ്ങളില്‍ ആണ് മാലിന്യം നിറഞ്ഞ വഴിത്താരകള്‍ ഏറെയും.
വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രീന്‍ വാളന്റിയേഴ്സിനേയും ഇതിനായി നിയോഗിച്ചു. എന്നാല്‍ ഇതൊക്കെ നടപ്പായത് ഒന്നോ രണ്ടോ മാസങ്ങള്‍ മാത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടന മാമാങ്കങ്ങള്‍ പൊടിപൊടിക്കുമ്പോഴും കൊട്ടിഘോഷിച്ച് നടപ്പാക്കിയ മാലിന്യ മുക്തപ്രവര്ത്തനങ്ങള് എന്തായി എന്ന് പറയാന്‍ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടില്ല.
നഗരസഭയില്‍ പ്ലാച്ചേരിയില്‍ ആരംഭിച്ച മാലിന്യ സംസ്ക്കരണ പ്ലാന്റ് ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. പുനലൂര്‍ നഗരസഭ മാത്രമല്ല, പുനലൂര്‍ താലൂക്കിലെ നഗരസഭയും മറ്റ് ഏഴ് പഞ്ചായത്തുകളുടേയും അവസ്ഥയും ഇതു തന്നെയാണ്. ഇവിടെ ഒക്കെ ഭരണം കയ്യാളുന്നത് സംസ്ഥാന ഭരണകര്‍ത്താക്കളുടെ പാര്ട്ടിക്കാര് തന്നെയാണ്. എന്നാല്‍ മാലിന്യ മുക്ത പഞ്ചായത്തുകളെന്നുപറയുന്ന സ്ഥലങ്ങളിലൂടെ യാത്ര ചെയ്താല്‍ മാത്രം മതി പ്രഖ്യാപനം മാത്രമായിരുന്നു ഇതെല്ലാമെന്ന് വ്യക്തമാകും. മാലിന്യം നിര്‍മ്മാര്‍ജ്ജനം നിലച്ചപ്പോഴും ഇതിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്തിരിക്കുന്നത്. മാലിന്യ മുക്തനഗരസഭ എന്ന അവാര്‍ഡ് സ്വന്തമാക്കിയ നഗരസഭാ പ്രദേശത്തെ വേസ്റ്റ് ബിന്നുകള്‍ ഇന്ന് നോക്കുകുത്തികളായി മാറിക്കഴിഞ്ഞ കാഴ്ചയാണ് കിഴക്കന്‍ മേഖലയില്‍ ഉള്ളത്. മാലിന്യം കുന്നുകൂടുമ്പോള്‍ മാറാവ്യാധികളും ഏറുമെന്നിരിക്കെ അധികൃതരുടെ ശ്രദ്ധ പതിയേണ്ടത് ഈ മേഖലയിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: