പരവൂര്‍: ലക്ഷങ്ങള്‍ പാഴാക്കിയ കാര്‍ഷികവികസനത്തിന്റെ പരാധീനതകള്‍ നിരത്തുകയാണ് ഊന്നിന്‍മൂട്ടിലെ ഏലാകള്‍. കാര്‍ഷികസമൃദ്ധിയുടെ കേന്ദ്രങ്ങളായിരുന്ന തലക്കുളം, കുരകുളം, പുന്നേക്കുളം ഏലാകളുടെ സ്ഥിതി ഇന്ന് ദയനീയമാണ്. ജലസേചന സൗകര്യത്തിനാണ് തലക്കുളം ഏലായില്‍ ഉണ്ടായിരുന്ന കുളം ചുറ്റുമതില്‍ കെട്ടിയും കമ്പിവേലിവച്ചും സംരക്ഷിച്ചത്. കുളത്തിനോടു ചേര്‍ന്ന് ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിച്ചു. ഇതെല്ലാം തകര്‍ന്നതോടെ ചെലവിട്ട ലക്ഷങ്ങളാണ് പാഴായത്.
തലക്കുളം ഏലായോടു ചേര്‍ന്നുകിടക്കുന്ന 50 ഏക്കറിലധികം വരുന്ന കുരകുളം ഏലാ പതിറ്റാണ്ടുകളായി തരിശായിക്കിടക്കുകയാണ്. പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിപ്രകാരം പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇവിടെ കൃഷിയിറക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പുന്നേക്കുളത്ത് പതിരായത് ലക്ഷങ്ങള്‍
ഏക്കറുകള്‍ വിസ്തൃതിയുള്ള പുന്നേക്കുളം ഏലായില്‍ കൃഷിയുടെ പേരില്‍ പൊടിച്ചത് ലക്ഷങ്ങള്‍. ഏലായുടെ കിഴക്കുഭാഗത്ത് നിര്‍മിച്ച ചിറയും വെള്ളമിറങ്ങുന്നതിനായി സ്ഥാപിച്ച ഒറ്റഷട്ടര്‍ സ്പില്‍വേയും കൈത്തോടുമെല്ലാം നാമാവശേഷമായി.
ചിറയുടെ വശങ്ങള് മണ്ണിടിയാതെ സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് കയര്‍ ഭൂവസ്ത്രം വിരിച്ചതും പാഴായി. മുമ്പ് രണ്ടേക്കര്‍ 90 സെന്റായിരുന്നു ചിറയുടെ വിസ്തീര്‍ണം. ഇത് ഒരേക്കറില്‍ താഴെയായി. നഷ്ടമായ ഭൂമി റവന്യൂവകുപ്പിന്റെ സഹായത്തോടെ തിരിച്ചുപിടിക്കണമെന്നാണ് പ്രദേശവാസികളും കര്‍ഷകരും ആവശ്യപ്പെടുന്നത്.
മുമ്പ് ഇതേ ഏലായിലെ കര്‍ഷകര്‍ക്ക് കൃഷിഭവന് ഒരു ട്രാക്ടര്‍ നല്‍കിയിരുന്നു. കൃഷി ഇല്ലാതായതോടെ ഇത് തുരുമ്പുകയറി മുന്‍ ഏലാ വികസനസമിതി ഭാരവാഹിയുടെ വീട്ടുവളപ്പില്‍ കിടക്കുകയാണ്.
തോട് സംരക്ഷിക്കണം
ഏലായുടെ മധ്യത്തിലൂടെയുള്ള തോട് പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കുകയും ജലസേചനം സുഗമമാക്കുകയും ചെയ്താല്‍ ഏലായുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിന് ചിറയും അതിലെ പഴയ സ്പില്‍വേയും പരിഷ്കരിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.
2005-2006ലാണ് കുടിവെള്ളത്തിനായി കുഴല്‍ക്കിണറും ജലസംഭരണിയും സ്ഥാപിച്ചത്. പിന്നീട് ഇതിന്റെ പ്രവര്‍ത്തനം നിലച്ചു. കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കറന്റ് ചാര്‍ജ് പഞ്ചായത്തില്‍നിന്ന് നല്‍കാനാകില്ലെന്ന ന്യായം പറഞ്ഞ് വൈദ്യുതിനിരക്ക് മുടക്കിയതോടെയാണ് പ്രവര്‍ത്തനം മുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: