മുക്കം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ തിരുവമ്പാടി മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി സഖ്യകക്ഷിയായ സിപിഐ. മുക്കം നഗരസഭ എല്‍ഡിഎഫ് ചെയര്മാന് സ്ഥാനത്തു നിന്ന് സിപിഐ നേതാവ് മുക്കം ബാലകൃഷ്ണന് രാജിവെച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാനം ഒഴിയുന്നതെന്ന് കണ്‍വീനര്‍ കെ. സുന്ദരന്‍ അയച്ച രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
മുക്കത്ത് രണ്ടു പാര്‍ട്ടികളുടെയും നേതൃത്വം ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയ സീറ്റില്‍ സിപിഐ ജില്ല നേതാവ് മത്സരത്തിനൊരുങ്ങിയപ്പോള്‍ സിപിഎം പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തുകയായിരുന്നു. പകരം ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സീറ്റ് നല്‍കിയെങ്കിലും അവിടെയും സിപിഎം പ്രാദേശിക നേതൃത്വം ഒരു സിറ്റിങ് കൗണ്‍സിലറെ രംഗത്തിറക്കി അതിനേയും പ്രതിരോധിച്ചു. സിപിഎം തങ്ങളെ അപമാനിക്കുകയാണെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു. കൂടരഞ്ഞിയിലും തിരുവമ്പാടിയിലും യുഡിഎഫ് കോട്ടയായ ഓരോ വാര്‍ഡുകള്‍ നല്‍കാനുള്ള തീരുമാനവും സിപിഐ അംഗീകരിച്ചിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിക്കു പിന്നാലെ മുഖ്യ ഘടക കക്ഷിയായ സിപിഐയും വേര്‍പിരിഞ്ഞത് എല്‍ഡിഎഫിന് കടുത്ത വെല്ലുവിളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: