ഇടവെട്ടി: തൊണ്ടിക്കുഴ സ്കൂളിന് സമീപം ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള പാലം കല്‍ക്കെട്ട് തകര്‍ന്ന് അപകടാവസ്ഥയില്‍. വര്‍ഷങ്ങളായി പാലത്തിന് അപകട ഭീഷണി തുടരുമ്പോഴും എംവിഐപി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. തൊണ്ടിക്കുഴയെ ഇടവെട്ടിയുമായി ബന്ധിപ്പിക്കുന്ന ഏക പാതകൂടിയാണിത്.
2018ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്നും കാട്ടി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീടിങ്ങോട്ട് നടപടിയുണ്ടായിട്ടില്ല. എന്നാല്‍ പാലത്തിന് മുകളിലൂടെ കല്ലും മണ്ണുമായി നിരവധി ലോറികള്‍ കടന്നു പോകുന്നുമുണ്ട്.
ശക്തമായ മഴയില്‍ വെള്ളം കുത്തിയൊലിച്ചെത്തി പാലത്തിന്റെ ഇരുവശത്തുമുള്ള കല്‍ക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ടിടത്തും കല്ലുകള്‍ ഇളകി നീങ്ങിയതിനാല്‍ ഏതു സമയവും പാലം നിലപൊത്താവുന്ന അവസ്ഥയിലാണ്. സംഭവത്തിന്റെ ഗൗരവം അറിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരും വിഷയത്തില്‍ ഇടപെടാന്‍ തയാറായിട്ടില്ല. സ്ഥലവും റോഡും എംവിഐപിയുടെ കീഴിലാണെന്ന പതിവു ന്യായമാണ് അധികൃതര്‍ നിരത്തുന്നത്.
എന്നാല്‍ പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഇത് സംബന്ധിച്ച് അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് ജന്മഭൂമിയോട് പറഞ്ഞു. അടുത്ത ദിവസം തന്നെ പാലം പരിശോധിച്ച് നടപടിക്ക് മുകളിലേക്ക് കത്ത് നല്‍കുമെന്ന് എംവിഐപിയുടെ മേഖലുടെ ചുമതലയുള്ള എഇ ബിനുവും അറിയിച്ചു. ഇടവെട്ടി മേഖലയിലെ ഒട്ടുമിക്ക പാലങ്ങളും സമാനമായി തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: