മറയൂര്‍: അഞ്ചുനാട് മലനിരകളിലെ ഗ്രാമവാസികള്‍ കണക്കയം കോളനിയിലെ പാറപ്പുറത്ത് നടത്തിയ പരമ്പരാഗത രീതിയിലുള്ള നെല്‍കൃഷിയില്‍ വിളഞ്ഞത് നൂറുമേനി. കാലങ്ങളായി പരമ്പരാഗത രീതിയിലാണ് ഇവിടെ മണ്ണൊരുക്കലും ഞാറ് നടീലും കൃഷി പരിപാലനവും.
കലപ്പ ഉപയോഗിച്ച് കാള പൂട്ടിയാണ് ഇപ്പോഴും നിലമൊരുക്കുക്കല്. വിളവെടുക്കുന്ന കതിര് കറ്റമെതിച്ചാണ് നെല്ല് വേര്‍തിരിച്ചെടുക്കുന്നത്. വിത്ത് വിതയ്ക്കാനും നടീലിനും യന്ത്ര സഹായം ഈ പാടശേഖരങ്ങളിലില്ല.
ഒന്നരപതിറ്റാണ്ടായി പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന വെറ്റിലചെമ്പ, ജീരകചെമ്പ എന്നീ വിത്തിനങ്ങള്‍ ഇല്ലാതായെങ്കിലും പുതിയ കോ 51 ഇനം വിത്തുപയോഗിച്ചാണ് കൃഷി. പോഷക സമൃദ്ധമായ നിരവധി നെല്‍ വിത്തിനങ്ങള്‍ മറയൂര്‍ മലനിരകളില്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ലാഭത്തേക്കാളുപരി ജീവിതചര്യയുടെ ഭാഗമായാണ് പ്രദേശവാസികള്‍ നെല്‍ക്കൃഷിയെ കാണുന്നത്. താമസ സ്ഥലങ്ങളും ഭാഷയും സംസ്കാരവും വിഭിന്നമാണെങ്കിലും കൃഷിയിറക്കല്‍ മുതല്‍ വിളവെടുപ്പുവരെ പരസ്പര സഹായവും സഹകരണവും ഒരേ മനസോടെയാണ്.
മന്നവന്ചോലയുള്പ്പെടെയുള്ള മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവകളെ ആശ്രയിച്ചാണ് ഒരടി പോലും മണ്ണില്ലാത്ത പായ്റക്ക് മുകളില്‍ സ്വന്തം ആവശ്യത്തിനും വിത്തിനും വേണ്ടി ഗ്രാമവാസികള്‍ നെല്‍ക്കൃഷി ചെയ്യുന്നത്.
കീഴാന്തൂര്‍ ഗ്രാമവാസികളായ സി.എ. സുബ്രമണ്യന്‍, ശങ്കരന്, സുകുമാരന്‍, ശിവകുമാര്‍, പപ്പരവാഹനന്, രാമകൃഷ്ണന്, സച്ചിദാനന്ദന്, ഗോദണ്ഡപാണി, വാസുദേവന്‍, പളനിസ്വാമി, കെ.കെ വിനായകന് എന്നിവരുള്‍പ്പെടുന്ന കര്‍ഷക കൂട്ടായ്മയാണ് കഠിനപരിശ്രമത്തിലൂടെ ഇന്നും നെല്‍കൃഷി കൈവിടാതെ പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: