തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച കനേഡിയന്‍ ഗവേഷണ ഏജന്‍സി സംസ്ഥാനത്ത് മരുന്ന് പരീക്ഷണത്തിന് ശ്രമം നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെ സംശയങ്ങളേറുകയാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളടങ്ങിയ ഡേറ്റയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ 500 കോടിയിലേറെ വിലമതിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തില്‍ ഡേറ്റാ കച്ചവടം നടന്നോ എന്നാണ് ഇനി അറിയേണ്ടത്.
കിരണ്‍ പദ്ധതിയുടെ ആദ്യരൂപമായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013ല്‍ കേരള ഹെല്‍ത്ത് ഒബ്സര്‍വേറ്ററി ആന്‍ഡ് ബേസ് ലൈന്‍ സര്‍വേ (കെഎച്ച്ഒബിഎസ്) നടത്തിയിരുന്നു. ഇതിലും 10 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരുന്നത്. പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (പിഎച്ച്ആര്‍ഐ)യുടെ സഹകരണത്തോടെ സര്‍വേ നടപടി തുടങ്ങിയപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്താനാണെന്ന് അന്നത്തെ പ്രതിപക്ഷം ആരോപിച്ചതോടെ സര്‍ക്കാര്‍ പിന്മാറി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണപക്ഷത്ത് വന്നപ്പോള്‍ 2018ല്‍ ഇതേ സര്‍വേ, കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റസിഡന്‍സ് ആരോഗ്യം നെറ്റ്വര്‍ക്ക് (കിരണ്‍) എന്ന പേരിലേക്കു മാറ്റിയാണ് നടപ്പാക്കിയത്.
2013ലെ കെഎച്ച്ഒബിഎസ് ആരോഗ്യ സര്‍വേയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പിഎച്ച്ആര്‍ഐ മേധാവിയായ ഡോ. സലീം യൂസഫ്, ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ വിഭാഗമായ അച്യുത മേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ പ്രൊഫസര്‍ കെ.ആര്. തങ്കപ്പന്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രൊഫസറും സന്നദ്ധ സംഘടനായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സെക്രട്ടറിയുമായ കെ. വിജയകുമാര്‍ എന്നിവരാണ് കിരണ്‍ എന്ന പേരില്‍ 2018ല്‍ വീണ്ടും സര്‍വേ നടത്താന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കുന്ന ഇ മെയിലുകളും പുറത്തുവന്നതോടെയാണ് വലിയ രീതിയിലുള്ള അഴിമതി ഇതിന് പിന്നില്‍ നടന്നതായി സംശയിക്കുന്നത്.
സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ച് നടത്തിയ സര്‍വ്വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഉള്‍പ്പെട്ടതും ഡോ.കെ വിജയകുമാര്‍ പിഎച്ച്ആര്‍ഐയില്‍ നിന്ന് നേരിട്ട് പണം കൈപ്പറ്റിയ വിവരങ്ങളും ഇന്നലെ പുറത്തുവന്നു. ഇതും ദുരൂഹത ഇരട്ടിയാക്കി. സര്‍വ്വേ നടത്തിപ്പിലും ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഒരു പങ്കും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ വഹിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും സര്‍വ്വേയുമായി ബന്ധപ്പെട്ട് പിഎച്ച്ആര്‍ഐ ആദ്യ ഗഡുവായി നല്കിയ 7300 ഡോളര്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സെക്രട്ടറിയുമായ കെ. വിജയകുമാര്‍ കൈപ്പറ്റിയതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഇന്നലെയും പ്രതികരിച്ചിട്ടില്ല. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനും, സ്പ്രിങ്ക്ളറിനും പിന്നാലെ വലിയ രീതിയിലുള്ള ഡേറ്റാ കച്ചവടമാണ് ഇതിന് പിന്നില്‍ നടന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: