കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണവും നടപടികളും അന്താരാഷ്ട്ര തലത്തിലേക്ക്. കേസിലെ വിദേശ കറന്‍സിക്കടത്ത് അന്വേഷിച്ച് കസ്റ്റംസ് വിദേശ രാജ്യങ്ങളിലേക്കും നിയമനടപടി നീക്കുന്നു. ഇതോടെ സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു ഘട്ടത്തിലേക്ക് അന്വേഷണവും നടപടികളും കടന്നു. ഇതിന്റെ ഭാഗമായി, ഈജിപ്തുകാരനും യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനുമായ ഖാലിദ് മൊഹമ്മദ് അലി ഷൗക്രിയെ വിദേശത്തുനിന്ന് വിട്ടുകിട്ടാന്‍ നടപടി തുടങ്ങി. കുറ്റകൃത്യങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര കരാര്‍ പ്രകാരം യുഎഇക്കും ഈജിപ്തിനും സഹകരിക്കാതെ പറ്റില്ല.
ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചു. യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെയും സഹകരണം തേടിയുള്ള നടപടിയോടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയാണ്.
സ്വര്‍ണക്കടത്തു കേസില്‍ പങ്കാളിയായ ഈജിപ്തുകാരനെ തിരികെ കിട്ടാന്‍ നടപടികളുമായി കസ്റ്റംസ് കോടതിയില്‍. യുഎഇ കോണ്‍സുലേറ്റില്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് മൊഹമ്മദ് അലി ഷൗക്രിയെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് സാമ്പത്തിക കുറ്റക്കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. ഖാലിദിനെ കേസില്‍ മൂന്നാം പ്രതിയാക്കുകയാണ് ആവശ്യം.
കേസില്‍ പ്രതി സ്വപ്ന സുരേഷ് ജൂലൈ 31 ന് നല്കിയ രഹസ്യമൊഴിയില്‍ ഖാലിദിന്റെ സ്വര്‍ണക്കടത്തിലെ പങ്കിനെക്കുറിച്ച് പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തില്‍ പങ്കാളിയായ ഖാലിദ്, ഈയിനത്തില്‍ വിഹിതമായി കിട്ടിയ 1.30 കോടി രൂപ (1,90,000 അമേരിക്കന്‍ ഡോളറായി) തിരുവനന്തപുരത്തുനിന്ന് ഒമാന്‍വഴി കെയ്റോയിലേക്ക് 2019 ആഗസ്റ്റില്‍ കൊണ്ടുപോയെന്നായിരുന്നു വെളിപ്പെടുത്തല്‍. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളില്‍നിന്ന് രക്ഷപ്പെടാന്‍ സ്വപ്നയും സരിത്തും സഹായിച്ചു. ഹാന്‍ഡ് ബാഗിലായിരുന്നു ഡോളര്‍ സൂക്ഷിച്ചത്. സ്വപ്നയും സരിത്തും ഒമാന്‍ എയര്‍വേസില്‍ മസ്ക്കറ്റുവരെ ഖാലിദിനെ അനുഗമിച്ചിരുന്നുവെന്നും വെളിപ്പെടുത്തി.
ഈ വിവരങ്ങള്‍ സരിത്തും ഒക്ടോബര്‍ 14 ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖാലിദിനെ മൂന്നാം പ്രതിയായി കേസില്‍ ചേര്‍ക്കണമെന്നാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ ആവശ്യം. എന്നാല്‍, ഖാലിദ് മുഹമ്മദ് വിദേശത്താണ്. കസ്റ്റംസ് നിയമപ്രകാരം വിദേശത്തുള്ളയാളെ പിടികൂടാന്‍ കഴിയില്ല. അതിനാല്‍ ഇയാളെ ആ രാജ്യത്തുനിന്ന് വിട്ടുകിട്ടാന്‍ നടപടിയെടുക്കണം. ഇതിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. അങ്ങനെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരം യുക്തമായ സംവിധാനംവഴി വിഷയത്തില്‍ പരിഹാരം കാണാനാകുമെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്. ആവശ്യം കോടതി അഞ്ചാംതീയതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: